അസാധാരണ ധൈര്യത്തിന്‍റെ പര്യായം ‘സൗമ്യ’
ആസിഡ് ആക്രമണങ്ങളും പിടിച്ചുപറികളും ഇന്ന് മാധ്യമങ്ങളില്‍ സാധാരണമായ ഒരു വാര്‍ത്തമാത്രമാണ്. നമ്മളില്‍ ചിലരെങ്കിലും അത്തരമൊരു അവസ്ഥ വന്നുചേര്‍ന്നാല്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ??…. തിരിച്ചടിക്കണമെന്ന് തോന്നിയാലും പ്രതികരിക്കാനാകാതെ ധൈര്യം ചോര്‍ന്ന് പോയിട്ടുണ്ടാകും. ഇവിടെ വേണ്ടത് ആത്മധൈര്യമാണ്. ചിന്തിച്ചു നില്‍ക്കാതെ പ്രവര്‍ത്തിയാണ് വേണ്ടത്. ജീവിതത്തില്‍ ഇത്തരമൊരു സാഹചര്യത്തെ ധൈര്യപൂര്‍വ്വം അഭിമുഖീകരിച്ച ധീരവനിത സൗമ്യയുടെ വിശേഷങ്ങളിലേക്ക്
എല്ല്നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കള്ളന്‍മാര്‍ കൊണ്ടുപോകുന്നത് എങ്ങനെ നോക്കിനില്‍ക്കാനാകും.. തസ്കരന്മാരെ ഉള്‍ക്കരുത്തുകൊണ്ട് ധൈര്യപൂര്‍വ്വം നേരിട്ട സാധാരണക്കാരില്‍ സാധാരണക്കാരിയായ വീട്ടമ്മ സൗമ്യ.
‘ഒരുത്തീ’സിനിമയിലെ ‘യഥാര്‍ഥ നായിക’ സൗമ്യ
ഒരുത്തി എന്ന സിനിമ നമ്മളൊക്കെ കണ്ടതാണ്. രാധാമണിയുടെ (നവ്യനായര്‍ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്)ധൈര്യത്തെ മനസ്സുകൊണ്ട് നാം എത്ര അഭിന്ദിച്ചുണ്ടാകും.
സിനിമയില്‍ നവ്യനായര്‍ അവതരിപ്പിച്ച രാധാമണിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ സൗമ്യ തന്റെ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ടതായിരുന്നു. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കരുനാഗപ്പള്ളി സ്വദേശി ഷൈജുവിന് കല്‍പ്പറ്റ നഗരസഭയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെയാണ് സൗമ്യ വയനാട്ടിലെത്തുന്നത്.
2018 ല്‍ സൗമ്യയുടെ മാല രണ്ട് പേര്‍ ബൈക്കിലെത്തി പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതും സ്വന്തം സ്‌കൂട്ടറില്‍ കള്ളന്മാരെ പിന്തുടര്‍ന്ന് പിടികൂടുന്നതും അന്ന് വലിയ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത കണ്ടാണ് തിരാക്കഥാകൃത്ത് എസ് സുരേഷ്ബാബു സൗമ്യയെ വിളിക്കുന്നത്. ജോലി ചെയ്യുന്ന കടയില്‍ നിന്ന് രാത്രി ഏഴു മണിക്ക് കൊല്ലം തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഇവര്‍. സാധാരണ ആഭരണങ്ങളൊന്നും ധരിക്കാതെയാണ് ജോലിക്ക് പോകാറുള്ളതെങ്കിലും അന്ന് അമ്മയുടെ മാല വാങ്ങി ധരിച്ചിരുന്നു. അമ്മയുടെ പണയം വച്ചിരുന്ന മാല കുറച്ചു ദിവസം മുമ്പായിരുന്നു മടക്കിയെടുത്തത്. സാധാരണ പോകാറുള്ള വേഗത്തില്‍ സഞ്ചരിക്കവെ ബൈക്കില്‍ പിന്നാലെയെത്തിയ രണ്ടുപേര്‍ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഒരു നിമിഷം പതറിപ്പോയ സൗമ്യ മറ്റൊന്നും ആലോചിക്കാതെ സ്‌കൂട്ടറില്‍ ബൈക്കിനെ പിന്തുടര്‍ന്നു. സൗമ്യയുടെ അമ്മ സലോമിക്ക് ആകെയുള്ള സമ്പാദ്യമായ മാലയായിരുന്നുഅത്. അത് നഷ്ടപ്പെട്ടപ്പോഴുണ്ടായ മാനസിക അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. കഴിയാവുന്ന വേഗത്തില്‍ കള്ളന്മാരെ പിന്തുടരവെ എതിരെ ഒരു കാര്‍ വന്നതാണ് ആശ്വാസമായത്. കള്ളന്മാര്‍ വേഗത കുറച്ച ഈ സമയം ബൈക്കിനെ മറികടക്കാന്‍ സൗമ്യക്ക് കഴിഞ്ഞു. ബൈക്കിന്റെ മുന്‍ചക്രത്തില്‍ സ്‌കൂട്ടര്‍ ഇടിപ്പിച്ചതോടെ മോഷ്ടാക്കള്‍ രണ്ടുപേരും താഴെ വീണു. പ്രതികളില്‍ ഒരാളെ സൗമ്യ പിടികൂടിയെങ്കിലും മറ്റേയാള്‍ മാലയുമായി രക്ഷപ്പെട്ടു. പിറ്റേദിവസം തന്നെ പൊലീസ് രണ്ടാമത്തെ പ്രതിയെയും പിടികൂടി.
സൗമ്യയും ഭര്‍ത്താവ് ഷൈജുവും
ജഡ്ജി നേരില്‍ കണ്ട സന്തോഷം
സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടാണ് മാല കൈയ്യില്‍ കിട്ടിയത്. സിനിമയിലാണ് കോടതി കണ്ടിട്ടുള്ളത്. കുറ്റവാളിക്ക് ശിക്ഷവിധിക്കുന്ന ക്രൂരനായ ഒരാള് എന്നാണ് ഞാന്‍ ധരിച്ചത്. അത് എന്‍റെ തെറ്റിദ്ധാരണമാത്രമാണെന്ന് മനസ്സിലായത് കോടതിയില്‍ ചെന്നപ്പോഴാണ്. ജഡ്ജി എന്നെ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. ഷേക്ക് ഹാന്‍റൊക്കെ നല്‍കി.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംഭവമായിരുന്ന് അതെന്നും ഇതുവരെ കണ്ടിട്ടാല്ലത്തവരെക്കൊ വിളിച്ച് അഭിന്ദിച്ചെന്നും സൗമ്യ.
ധൈര്യപൂര്‍വ്വം നേരിടണം
സിനിമ കണ്ടപ്പോള്‍ അമ്മയ്ക്ക് സങ്കടമായെന്ന്സൗമ്യ. മാല പോയെങ്കില്‍ പോട്ടേന്ന് വിചാരിച്ചാല്‍ പോരെ. ഇങ്ങനെ റിസ്ക് എടുക്കണായിരുന്നോയെന്നും അമ്മ ചോദിച്ചെന്ന് സൗമ്യ. അന്ന് ധൈര്യം എങ്ങനെ കിട്ടിയെന്ന് അറിയില്ല. മാലവാങ്ങിക്കാന്‍ അമ്മ സഹിച്ച കഷ്ടപ്പാട് എനിക്കറിയാം. സ്വര്‍ണം ധരിക്കാനുള്ള കൊതികൊണ്ടാണ് ധരിച്ചത്. അത് അങ്ങനെ കള്ളന്മാര്‍ കൊണ്ടുപോകുന്നത് കണ്ടുനില്‍ക്കാന്‍ എനിക്കായില്ല. പ്രീഡിഡ്രി വരെയാണ് ഞാന്‍ പഠിച്ചത്. ആയോധനമുറകളൊന്നും അഭ്യസിച്ചിട്ടില്ല. എവിടെ നിന്നോ കിട്ടിയ ധൈര്യമാണ് ആ സാഹചര്യത്തെ നേരിടാന്‍ എനിക്ക് പറ്റിയത്. വെറുമൊരു സാധരണക്കാരിയായ എനിക്ക് സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള സാഹചര്യം നേരിടാന്‍ പറ്റുമെന്നും സൗമ്യ.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ സൗമ്യയുടെ മക്കള്‍ സബന്യ, സോന എന്നിവരാണ്