ആധാരം ഡിജിറ്റലാകും
കോട്ടയം: ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവത്കരണം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കി വരികയാണെന്ന് രജിസ്ട്രേഷൻ -മ്യൂസിയം – പുരാവസ്തു -പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയ്ക്കകത്തുള്ള ഏത് ആധാരവും ജില്ലയിലെ ഏതു സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വരികയാണ്. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കും.
ആധാരം രജിസ്ട്രേഷനായി തീയതിയും സമയവും മുൻകൂട്ടി നിശ്ചയിച്ചു കൊണ്ടുള്ള ടോക്കൺ സമ്പ്രദായം നടപ്പാക്കി. രജിസ്ട്രാർ ഓഫീസുകളിലെ മുഴുവൻ പണമിടപാടുകളും ഇ പേയ്മെൻ്റ് , ഇ പോസ് സംവിധാനങ്ങൾ വഴിയാക്കും.
വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഓൺലൈനായി നൽകാം.ഈസ് ഓഫ് ഡൂയിങ് ബിസിനസിൻ്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടുള്ള ‘എൻ്റെ ഭൂമി’ പോർട്ടൽ നടപ്പാക്കുന്നതിലൂടെ ആധാരം രജിസ്ട്രേഷൻ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ കഴിയും. ആധാരം രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം തന്നെ പോക്കുവരവു നടത്തി ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചടക്കം അന്നുതന്നെ ഉടമയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിലയ്ക്കുമുള്ള മുദ്രപത്രങ്ങളും ഇ- സ്റ്റാമ്പിങിലൂടെ ലഭ്യമാക്കും.
നൂറു വർഷത്തിലധികം പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫീസുകൾ കിഫ്ബി പദ്ധതിയിൽപ്പെടുത്തി പുനർനിർമ്മിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.