‘ഇത് ചെറുത്’ ….’ടാാസ്കി വിളിയെടാ’… ആ ഓര്‍മ്മകള്‍ക്ക് 23 വയസ്സ്
‘താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്ന്’ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മദ്യലഹരിയില്‍ പപ്പു മോഹന്‍ലാലിനോട് പറയുന്ന രംഗം തമാശരംഗങ്ങളിലും സിനിമയിലൂടെയുമായി എത്ര തവണ മലയാളി കണ്ടിരിക്കാം. പുതിയ തലമുറയിലെ കൊച്ചു കുട്ടികൾ പോലും പറഞ്ഞു നടക്കുന്ന കാലമെത്ര കഴിഞ്ഞാലും ഈ ഒരു ഡയലോഗ് മാത്രം മതി പപ്പു പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കാന്‍. ഒരു പാട് നന്മകളും അല്‍പസ്വല്‍പം ദൗര്‍ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്‍. മലയാള സിനിമയില്‍ എസ്.പി പിള്ളയും, മുതുകുളവും അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്‍ അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് പപ്പു മുന്നേറിയത്.
പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ബാല്യകാലവിദ്യാഭാസം. ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, കുപ്പയിൽ നിന്ന് സിനിമയിലേക്ക് ആണ്. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം.
ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു.
അങ്ങനെ പത്മദളാക്ഷൻ മലയാളികൾ എക്കാലവും ഓർക്കുന്ന കുതിവട്ടം പപ്പുവായി. 1872 ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത് വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും തിളങ്ങിയ ഷാജി കൈലാസിന്റെ ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ മറ്റൊരു അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. നരസിംഹം ആയിരുന്നു അവസാന ചിത്രം. 2000 ഫെബ്രുവരി 25 ന് അന്തരിച്ചു
വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍