വിഷാദത്തിന്‍റെ താരാട്ട്
നാടകങ്ങളിലൂടെയും അവിടെ നിന്നും സിനിമ രംഗത്തേക്കും തുടര്‍ന്ന് സീരിയലുകളിലൂടേയും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടിയാണ് ശാന്താദേവി. നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ശാന്താദേവി ആയിരത്തോളം നാടകങ്ങളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ അമ്മയായി ഒറ്റ രംഗത്ത്അഭിനയിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ശാന്താദേവിയുടെ യഥാർത്ഥനാമം ദമയന്തി എന്നാണ്. 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ആദ്യമായി നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 60 വർഷത്തെ ജീവിതത്തിനിടയിൽ ആയിരത്തോളം നാടകങ്ങളിലും 486 സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1957ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലി മരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ്, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ‘കേരള കഫേ’യിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ബ്രിഡ്‌ജി’ലാണ് അവസാനമായി അഭിനയിച്ചത്.
കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിൽ, തോട്ടത്തിൽ കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരുടെ പത്തു മക്കളിൽ ഏഴാമത്തെ മകളായിശാന്തദേവി ജനിച്ചു. സഭ സ്കൂളിലും ബി.എ.എം. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടന്നു. 18 വയസുള്ളപ്പോൾ റെയിൽ വേ ഗാാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു.
1992 ൽ ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന സിനിമയിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 1983-ൽ കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ്, 1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്, സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.2010 നവംബർ 20-ന് അന്തരിച്ചു.
കടപ്പാട് Jayanthy Saji( കവിതകള്‍-കലകള്‍- കലാസംഗമം)