മലയാളത്തിന്‍റെ ‘ശ്രീ’ മാഞ്ഞിട്ട് പതിനാറാം ആണ്ട്
” ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ശ്രീവിദ്യ, പ്രത്യേകതകളുള്ള സൌന്ദര്യം. അതിലുപരി വെല്ലുവിളി നിറഞ്ഞ ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു.” പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ്ജ് ഒരിക്കല്‍ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞു.
ജോര്‍ജ്ജ് മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമ മുഴുവന്‍ അംഗീകരിച്ച സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടേത്.സൗന്ദര്യത്തിനൊപ്പം അഭിനയത്തികവും ഒത്തുചേര്‍ന്നതാണ് ശ്രീവിദ്യയെ വ്യത്യസ്തമാക്കിയത്.മലയാളത്തിന്റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. മലയാളത്തിന്റെ ശ്രീമുഖം വിടവാങ്ങിയിട്ട് 16 വര്‍ഷം പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഓർമ്മയിൽ ഇന്നും തിളങ്ങി നിൽക്കുന്നു. തമിഴിൽ ചുവടുവച്ച്, തെന്നിന്ത്യൻ ഭാഷകൾ മുഴുവൻ കടന്ന് ഹിന്ദിയിലും അഭിനയിച്ച് ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ തന്റേതായ ഒരിടം കണ്ടെത്തി പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ ശ്രീവിദ്യ.
പ്രശസ്ത സംഗീത വിദുഷിയായിരുന്ന എം.എല്‍. വസന്തകുമാരിയുടെ മകള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ശ്രീവിദ്യയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചു. നൃത്തത്തിലും സംഗീതത്തിലും സാധാരണമല്ലാത്ത കഴിവ് തെളിയിച്ചിട്ടുണ്ട്.
സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ശ്രീവിദ്യയുടെ ജനനം. 1953 ജൂലൈ 24 ന് ആര്‍. കൃഷ്ണമൂര്‍ത്തിയുടേയും എം.എല്‍ വസന്തകുമാരിയുടേയും മകളായി ജനിച്ചു. നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്.
അത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്ന ഒരു കുട്ടി എത്തിപ്പെടാവുന്ന സിനിമാ മേഖലയില്‍ തന്നെയാണ് വലുതായപ്പോള്‍ ശ്രീവിദ്യയും എത്തിയത്. 13-ാം വയസില്‍ തിരുവുള്‍ ചൊല്വതര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969 ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയെ മലയാള സിനിമക്ക് ലഭിക്കുന്നത്. സത്യന്റെ നായികയായിട്ടായിരുന്നു ശ്രീയുടെ അരങ്ങേറ്റം. പിന്നീട് ശ്രീവിദ്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തില്‍ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അവയെല്ലാം. ആദാമിന്റെ വാരിയെല്ലിലെ ആലീസ്, എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ വസുന്ധരാ ദേവി തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വ്വ രാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ അവര്‍ തമിഴകത്തിന്റെയും മനം കവര്‍ന്നു . കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്.
സത്യന്‍- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ് ജോഡി. ചെണ്ട,തീക്കനല്‍,അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നീ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു.
അമ്മയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളില്‍ ശ്രീവിദ്യ പാടിയ പാട്ടുകള്‍ എന്നും ഓര്‍ക്കുന്നവയാണ്. അവസാന കാലത്ത് മിനിസ്ക്രീനിലും സജീവമായിരുന്നു അവര്‍. ഒരു നടിയുടെ ജീവിതം എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശ്രീവിദ്യയുടെ ജീവിതം. എല്ലാം നഷ്ടപ്പെട്ട് ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ ആരുമുണ്ടായിരുന്നില്ല കൂട്ടിന്. താരത്തിളക്കങ്ങള്‍ക്കിടയിലും ഒറ്റക്കായിരുന്നു അവര്‍. ശ്രീവിദ്യയുടെ അവസാനനാളില്‍ ആദ്യ കാമുകനായിരുന്ന കമല്‍ഹാസന്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് രഞ്ജിത് തിരക്കഥ എന്ന ചിത്രത്തിന് ആധാരമായത് ഈ സന്ദര്‍ശനമായിരുന്നു. ജീവിച്ചിരിക്കുന്ന കാലത്തോളം സുന്ദരിയായിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ക്യാന്‍സറിന് പോലും വേദനകള്‍ക്കിടയിലും മരണക്കിടക്കയിലും ശ്രീവിദ്യയുടെ സൗന്ദര്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.
‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാളത്തിലാണ്.
മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാത്തെയും വാർഷികങ്ങൾ സംസ്ഥാന അവാർഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവർ. പിന്നീടു് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ചിത്രത്തിൽ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. ‘നക്ഷത്രത്താരാട്ട്’ എന്ന ചിത്രത്തിലും അവർ പിന്നണിഗായികയായി.
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു. 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടി വി അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.മധുവിനോടൊത്ത് ‘തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979-ൽ ഇവർ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലിൽ വിവാഹമോചനത്തിൽ അവസാനിച്ചു.കാൻസർ ബാധിച്ച് ശ്രീവിദ്യ 2006 ഒക്ടോബർ 19-നു അന്തരിച്ചു..
കടപ്പാട് സജി അഭിരാം