നൂറുരൂപ മിച്ചം വയ്ക്കാം; തുടങ്ങാം ആര് ഡി അക്കൗണ്ട്
സമ്പാദ്യശീലം കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു വിഹിതം സമ്പാദ്യത്തിനായി മാറ്റിവയ്ക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം അഥവാ ആര്.ഡി. ചെറിയ തുക മാസത്തവണകളായി അടച്ച് കാലാവധി എത്തുമ്പോള്‍ കയ്യിലൊരു തുകയെത്തും. മാസത്തവണകളായിട്ടാണ് തുക അടയ്ക്കേണ്ടത്. മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ചെലവുകള്‍ക്കൊക്കെ ഈ നിക്ഷേപ പദ്ധതി പ്രയോജനം ചെയ്യും.
പോസ്റ്റ് ഓഫിസുകള്‍ വഴിയും ബാങ്കുകള്‍ വഴിയും ആവര്‍ത്തന നിക്ഷേപത്തില്‍ ചേരാം. ആര് ഡി ചേരാന്‍ പ്രായ പരിധിയില്ല. പത്ത് വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടിയാണെങ്കില്‍ മാതാപിതാക്കളുടെ പേരില്‍ ചേരാം. ജോയിന്റ് അക്കൗണ്ടും ചേരാം. ഒരാള്‍ക്ക് ചേരാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ പരിധിയില്ല. 100 രൂപ മുതല്‍ പത്ത് രൂപയുടെ ഗുണിതങ്ങളാണ് ആര് ഡിയില്‍ നിക്ഷേപിക്കേണ്ടത്. മാസം മാസം നിശ്ചിത തീയതിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ 100ന് 1 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കും. പോസ്ററ് ഓഫീസില്‍ പോയി നേരിട്ടോ അല്ലെങ്കില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ആപ്പ് വഴിയോ പണം അടയ്ക്കാം.
6.2 ശതമാനമാണ് ആര്‍ഡിയിലെ പലിശ നിരക്ക്. മൂന്ന് മാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കൂട്ടുന്നത്. ബാങ്ക് ആര്‍ഡികള്‍ ഒരു വര്‍ഷം വരെയും പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ അഞ്ച് വര്‍ഷം വരെയും കാലാവധിയുണ്ട്. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ആര്‍ഡിയില്‍ മാസത്തവണ അല്ലാതെ മുന്‍കൂറായും പണം അടയ്ക്കാം. നിക്ഷേപം തുടങ്ങി 1 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് വായ്പാ സൗകര്യവും ആര്‍ഡി നല്‍കുന്നുണ്ട്. അടച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കുക.