അമ്മയിൽ കൂട്ടരാജി : മോഹൻലാൽ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് .തീരുമാനം.റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.

വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അമ്മയുടെ പത്രകുറിപ്പ്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു .

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

amma members collective resignation mohanlal

Leave a Reply

Your email address will not be published. Required fields are marked *