” ഞാൻ കറുപ്പാണ് കറുപ്പ് മനോഹരമാണ്” : കറുത്ത ഗർഭസ്ഥശിശുവിന്റെ ചിത്രം വരച്ച് ഒരു ഡോക്ടർ
നിങ്ങൾ എപ്പോഴെങ്കിലും ഒരു കറുത്ത ഗർഭസ്ഥശിശുവിന്റെ (Black fetus) ചിത്രം കണ്ടിട്ടുണ്ടോ? കാണാൻ യാതൊരു വഴിയുമില്ല. നാം ഇന്നുവരെ കണ്ടിട്ടുള്ള പാഠപുസ്തകങ്ങളിലെല്ലാം വെളുത്തവരുടെ ചിത്രങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസരംഗത്ത് കറുത്തവരെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ്. സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും പറയുന്നത് അത്തരമൊരു ചിത്രം ഇതുവരെ ആരുംതന്നെ കണ്ടിട്ടില്ലെന്നാണ്. എന്നാൽ കുറച്ചു ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ ഒരു ചിത്രം ചർച്ചയാവുകയാണ്. മേൽപ്പറഞ്ഞ സങ്കല്പങ്ങളൊക്കെ പൊളിച്ചടുക്കി ഒരാൾ കറുത്ത ഗർഭസ്ഥശിശുവിന്റെ ചിത്രം വച്ചിരിക്കുകയാണ്.
മെഡിക്കൽ വിദ്യാർത്ഥിയും, മെഡിക്കൽ ഇല്ലസ്ട്രേറ്ററും, ന്യൂറോ സർജനുമായ ചിഡിബെറെ ഐബെയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. വൈദ്യ രംഗത്ത് മാത്രമല്ല സമൂഹത്തിലെ കാഴ്ചപ്പാടിൽ കൂടി മാറ്റം വരുത്തിയിരിക്കുകയാണ് ഇദ്ദേഹം. ഐബെയുടെ ഈ ചിത്രം വൈവിധ്യത്തിന്റെയും സമത്വത്തിന്റെയും മികച്ച ഉദാഹരണമാണെന്നാണ് ആളുകൾ പറയുന്നത്.
ഇത്രയും നാൾ നമ്മൾ കണ്ട ചിത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി കറുത്ത ഗർഭിണിയായ സ്ത്രീയിൽ കറുത്ത ഭ്രൂണത്തിന്റെ ചിത്രീകരണമാണ് ഐബെ നൽകിയിരിക്കുന്നത്. പലരും താങ്കളുടെ ജീവിതത്തിൽ ഇങ്ങനെയൊരു ചിത്രം കണ്ടിട്ടില്ലെന്നും ഇതുപോലെ ഒരു ചിത്രം വരച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു.
” ഞാൻ കറുപ്പാണ് കറുപ്പ് മനോഹരമാണ്. മെഡിക്കൽ ചിത്രീകരണത്തിലെ വൈവിധ്യം. ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണംഎന്നാണ് ഐബെ തന്റെ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി പ്രതികരണങ്ങളാണ് ചിത്രത്തിനു താഴെ വന്നത്. ‘ കാര്യങ്ങൾ വിശദമായ കാണുന്നതിനുള്ള കണ്ണുണ്ട് നിങ്ങൾക്ക്. ഇത് ഇവിടെ കാണാനായതിൽ ഞാൻ വളരെ ആവേശത്തിലാണ്. അവതരണത്തിന് വളരെ നന്ദി. നന്നായി ചെയ്തു ഡോക്ടർ ‘ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിനു താഴെ വന്ന ഒരു പ്രതികരണമാണിത്.
അതേസമയം ‘ നിങ്ങൾ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മെഡിക്കൽ ചിത്രീകരണങ്ങളിൽ ചർമത്തിന്റെ നിറങ്ങളുടെ വൈവിധ്യം വിപുലീകരിക്കുന്ന ഒരാളെയെങ്കിലും എനിക്കറിയാം, ഓരോ സ്കൂൾ പുസ്തകത്തിലും വെളുത്തവരുടെ ചിത്രങ്ങൾ കണ്ട് മടുത്തു, കറുത്തവരുടെ ചിത്രങ്ങളുള്ള ജീവശാസ്ത്രത്തെ കുറിച്ചുള്ള സ്കൂൾ പുസ്തകങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ അത് കാണിച്ചു തരാമോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.ഈ ചിത്രീകരണത്തിലൂടെ പാഠപുസ്തകങ്ങളിലെ നിറവും വംശീയതയുമായി ബന്ധപ്പെട്ട് ചർച്ചകൾ ശക്തമായിട്ടുണ്ട്.