കടലിൽ പോയി, മീൻ കിട്ടിയില്ല പകരം പോത്തിനെ കിട്ടി
ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോയ മുഖദാർ സ്വദേശി എ. ടി ഫിറോസിന് ഇത്തവണ ലഭിച്ചത് വമ്പൻ സ്രാവിനെയോ മത്തിച്ചാകരയോ ഒന്നുമല്ല. പകരം ഒരു പോത്തിനെയാണ്. സ്വന്തം ജീവനുവേണ്ടി കടലിനോട് മല്ലടിക്കുന്ന പോത്തിനെ ഫിറോസും കൂട്ടരും കണ്ടത് അസാധാരണ ശബ്ദം കേട്ടുകൊണ്ട് ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ്. വെള്ളത്തിന് മുകളിലേക്ക് ഇടയ്ക്കിടെ പൊങ്ങിയും താഴ്ന്നും പോകുന്ന നിലയിലായിരുന്നു അത്.
ഇന്നത്തെ അന്നം മുടങ്ങുമെന്ന് അറിയാമായിരുന്നിട്ടുകൂടി ഫിറോസിനും സുഹൃത്തുക്കളായ എ. ടി സക്കീറിനും ടി. പി പുവാദുവിനും ആ മിണ്ടാപ്രാണി ഉപേക്ഷിച്ചു മടങ്ങാൻ കഴിയുമായിരുന്നില്ല. അങ്ങനെ താങ്കളുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒക്കെ മാറ്റിവെച്ച് ഇവർ പോത്തിനെ രക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സഹായത്തിനായി എ. ടി റാസി, ദിൽഷാദ് എന്നിവരുടെ വള്ളത്തെ കൂടി കൂട്ടി. കടലിലേക്ക് കയറുമായി ചാടിയ റാസി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ വെള്ളവുമായി പിടിച്ചുകെട്ടി. കൂടാതെ അത് വെള്ളത്തിലേക്ക് താഴ്ന്ന് പോകാതിരിക്കാൻ പോത്തിന്റെ ശരീരത്തിൽ കന്നാസും വെച്ചുകെട്ടി വള്ളം തീരത്തടിപ്പിച്ചു.
പോത്ത് അവശനിലയിൽ ആയിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ കുറ്റിച്ചിറ സ്വദേശിയായ ഉടമസ്ഥന് അതിനെ കൈമാറി. തീരത്ത് കെട്ടിയിരുന്ന പോത്ത് രാത്രിയിൽ കയറും പൊട്ടിച്ച് കടലിലേക്ക് ചാടിയതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.മീൻപിടുത്തം നടന്നില്ലെങ്കിലും ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫിറോസും കൂട്ടരും.