മുതലത്തോല്‍ ഹാന്‍ഡ് ബാഗ്കടത്തല്‍ ; സെലിബ്രേറ്റി ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

മുതലത്തോല്‍ കൊണ്ട് നിര്‍മ്മിച്ച ഹാന്‍ഡ് ബാഗുകള്‍ അമേരിക്കയിലേക്ക് കടത്തിയ കുറ്റത്തിന് ഫാഷന്‍ ഡിസൈനര്‍ നാന്‍സി ഗോണ്‍സാലസ് പൊലീസ് പിടിയില്‍. കാലിയില്‍ വച്ച് കൊളംബിയന്‍ പൊലീസാണ് അവരെ അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണിത്.നാന്‍സിയെ അമേരിക്കയ്ക്ക് കൈമാറിയാൽ ഫ്‌ളോറിഡയിലെ കോടതിയിലായിരിക്കും വിചാരണ.

അമേരിക്കയിലേക്ക് വരുന്ന വിമാനയാത്രക്കാരുടെ വ്യക്തിഗത ലഗേജ് നാൻസി ബാഗ് കടത്തനായി ഉപയോഗിച്ചു. ഇവരുടെ കയ്യിൽ ഹാൻഡ്ബാഗ് കൊടുത്തു വിടുകയായിരുന്നു. കസ്റ്റംസുകാര്‍ ചോദിച്ചാല്‍ അമേരിക്കയിലെ ബന്ധുക്കള്‍ക്കുള്ള സമ്മാനമാണെന്നു പറയാനാണു നാന്‍സി നിര്‍ദേശിച്ചത്. ഇത്തരത്തിൽ നൂറു കണക്കിന് ഹാന്‍ഡ് ബാഗുകള്‍ അമേരിക്കയിലേക്ക് കടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ഡിസൈനര്‍ സ്‌റ്റോറുകളില്‍ 10,000 ഡോളര്‍ (എട്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വരെ വിലയിലാണ് ഈ ബാഗുകൾ ഒരോന്നും വിറ്റിരുന്നത്. 2019ല്‍ ഇത്തരത്തിലുള്ള നാലു ഹാന്‍ഡ് ബാഗുകളുമായി 12 പേര്‍ അമേരിക്കയിലേക്ക് വിമാനം കയറിയിരുന്നതായും ഇവര്‍ക്ക് വിമാന ടിക്കറ്റിന് പണം നല്‍കിയത് നാന്‍സി ഗോണ്‍സാലസ് ആയിരുന്നെന്നും യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ ലൈഫ് സര്‍വീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

ബെല്‍റ്റുകളുടെ നിർമാണത്തിലൂടെ ബിസിനസ് ആരംഭിച്ച നാന്‍സി 1990കളുടെ അവസാനം അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്രയോടെയാണ് ഹാന്‍ഡ് ബാഗ് വിൽപനയിലേക്ക് ചുവട് മാറിയത്. അമേരിക്കയിലെ ഒരു ഡിസൈനര്‍ സ്റ്റോര്‍ ഇതിനു നാന്‍സിക്ക് സഹായം നൽകി. പിന്നീട് അതിവേഗമായിരുന്നു ഫാഷൻ രംഗത്തെ നാൻസിയുടെ വളർച്ച. ബ്രിട്‌നി സ്പിയേര്‍സ്, വിക്ടോറിയ ബെക്കാം, സല്‍മ ഹായെക് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ നാന്‍സി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഹാന്‍ഡ് ബാഗുകള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അവ ഇത്തരത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടു വന്നതാണോ എന്നു വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *