‘വയറിളക്കം ‘നിസാരമല്ല ജാഗ്രതയോടൊപ്പം കരുതലും വേണം

വയറിളക്ക രോഗങ്ങളെ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ശീലങ്ങള്‍ വേണ്ട രീതിയില്‍ പാലിച്ചാല്‍ രോഗം മാറ്റി നിര്‍ത്താം. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും മറ്റ് ആഹാരപാനീയങ്ങളിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത്. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം കലര്‍ത്തി കുടിക്കരുത്. ആര്‍.ഒ. പ്ലാന്റ്, പൊതുവിതരണ പൈപ്പുകളിലെ വെള്ളം, മിനറല്‍ വാട്ടര്‍, ഫില്‍റ്ററുകളിലെ വെള്ളം എന്നിവയും നന്നായി തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

കുട്ടികളുടെ കാര്യത്തില്‍ വേണം പ്രത്യേകം കരുതല്‍

കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോളും പുറത്തു പോകുമ്പോഴും തിളപ്പിച്ചാറിയ വെള്ളം വൃത്തിയുള്ള കുപ്പിയില്‍ കൊടുത്തു വിടുക. തിളപ്പിച്ചാറിയ വെള്ളം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന കലം പോലെയുള്ളവയില്‍ സൂക്ഷിക്കുക. പാത്രം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം വെള്ളം ശേഖരിക്കുക. വെള്ളം മുക്കിയെടുക്കുമ്പോള്‍ കൈകളിലെയും ഗ്ലാസിലെയും അഴുക്ക് വെള്ളത്തില്‍ കലരാന്‍ ഇടയുണ്ട്. അതുകൊണ്ട് പിടിയുള്ള ജഗ് പോലെയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് പിടി വെള്ളത്തില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ വെള്ളം പകര്‍ന്നെടുക്കാന്‍ ശ്രദ്ധിക്കുക. വൃത്തിയുള്ള അടപ്പിന് മുകളില്‍ ഈച്ച തൊടാത്ത വിധം മഗ് വൃത്തിയായി സൂക്ഷിക്കുക.

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം. നന്നായി പാകം ചെയ്ത ഭക്ഷണ വസ്തുക്കള്‍ ആയിരിക്കണം ഉച്ചഭക്ഷണത്തിനായി നല്‍കേണ്ടത്. സംഭാരം പോലെയുള്ളവ നല്‍കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കണം.

ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. പാചകപ്പുരയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അങ്കണവാടി പ്രവര്‍ത്തകരും പ്ലേ സ്‌കൂള്‍/ ഡേ കെയര്‍/ ക്രഷ് എന്നിവിടങ്ങളിലെ ആയമാരും ആഹാര പാനിയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുഞ്ഞുങ്ങള്‍ക്ക് വായ കഴുകാനും മറ്റും തിളപ്പിച്ചാറിയ വെള്ളം തന്നെ കൊടുക്കുന്നതാണ് സുരക്ഷിതം. വായ കഴുകാന്‍ കൊടുക്കുന്ന വെള്ളം ഇറക്കാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ വായ കഴുകുന്നതാണ് ഉത്തമം. സ്‌കൂളുകളിലെ ശുചിമുറി ഉപയോഗിച്ച ശേഷം കൈകഴുകുന്നതിന് സോപ്പ് സൂക്ഷിക്കേണ്ടതാണ്. ശുചിമുറി ഉപയോഗിച്ച ശേഷം കൈകഴുകണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ആഹാരം കഴിക്കുന്നതിനും മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് മികച്ച പ്രതിരോധശീലമാണ്. തുറന്നുവച്ചിരിക്കുന്ന മിഠായികള്‍, ഗുണനിലവാരമില്ലാത്ത ഐസ്‌ക്രീം, ഐസ് മിഠായി, സിപ്പപ്പ് തുടങ്ങിയവ കുട്ടികള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃത്തി പ്രധാനം, വീട്ടിലും പുറത്തും


കല്യാണം പോലെയുള്ള ആഘോഷങ്ങളില്‍ നല്‍കുന്ന വെല്‍ക്കം ഡ്രിങ്ക് ശുദ്ധജലത്തില്‍ തയ്യാറാക്കുന്നതാണെന്നും ഭക്ഷ്യയോഗ്യമായ ഐസ് ആണ് ഉപയോഗിക്കുന്നത് എന്നും തയ്യാറാക്കുന്ന പാനീയം ഈച്ച കടക്കാത്തവിധം വൃത്തിയുള്ള രീതിയിലാണ് സൂക്ഷിക്കുന്നതെന്നും ഉറപ്പാക്കേണ്ടതാണ്. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി വൃത്തിയാക്കി സമയമെടുത്ത് പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. പാകം ചെയ്യാത്ത മത്സ്യ വിഭവങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറില്‍ ഐസ്‌ക്രീം, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കരുത്. ആഹാര പാനീയങ്ങള്‍ ഈച്ചകടക്കാത്തവിധം മൂടി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ സംസ്‌കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *