നിത്യവഴുതന ‘ദിനവും വഴുതന’; മഴക്കാലത്ത് നടാം ‘നിത്യവഴുതന’
ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ നമുക്ക് ദീര്‍ഘകാലത്തേക്ക് നിത്യവും വിളവ് തരുന്ന പച്ചക്കറി ഇനമായതിനാലാണ് നിത്യവഴുതന എന്ന് പേര് ലഭിച്ചത്. അല്ലാതെ വഴുതനയുമായി സാമ്യം ഒന്നും കാണുന്നില്ല . ഇവയുടെ കായ്കള്‍ മൂപ്പെത്തുന്നതിന് മുമ്പ് വിളവ് എടുക്കണം . എങ്കിലേ രുചി യുണ്ടാവൂ .
ഇവയുടെ വള്ളികളില്‍ ഉണ്ടാകുന്ന ചെറിയ കായ്കള്‍ നീളന്‍ ഞെട്ടുപോലെ കാണപ്പെടുന്നു.ഇംഗ്ലീഷിൽ ഇതിനെ clove bean എന്ന് വിളിക്കും . ഗ്രാമ്പൂ വിന്റെ ഏകദേശം ആകൃതി കണ്ടാവാം ഈ പേര് വീണത് .
നിത്യവഴുതനയുടെ കായ്കളില്‍ പോഷക ഗുണങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. എന്നും വിളവ് തരുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. രോഗ കീട ബാധകള്‍ ഇവയില്‍ കുറവാണ്. അതിനാല്‍ തന്നെ അടുക്കള തോട്ടത്തിന് യോജിച്ച പച്ചക്കറിയാണിത്. ഒരിക്കൽ കൃഷി ചെയ്താൽ വിത്ത് പൊട്ടിവീണ് അടുത്ത പ്രാവശ്യം തനിയെ മുളച്ചോളും ഈ നാടൻ ഇനം .
ചെറു മരങ്ങളിലും പന്തലിലുമൊക്കെയാണ് ഇത് വളര്‍ത്തുന്നത്. ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ വളര്‍ത്തുവാന്‍ കഴിയും. ചാക്കില്‍ മണ്ണ് ,കമ്പോസ്റ്റ്, ഉണക്കചാണകം , എന്നിവ ചേര്‍ത്ത മിശ്രിതത്തിൽ വിത്ത് നടാം. പന്തല്‍ ഒരുക്കുമ്പോള്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. നിത്യവഴുതനയുടെ കായ്കളില്‍ നിന്ന് ലഭിക്കുന്ന വിത്തുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.