സഞ്ചാരികളുടെ പ്രീയ ഇടം ‘പാലുകാച്ചിപ്പാറ’
പുരളി മലയുടെ ഭാഗമായ ‘പാലുകാച്ചിപ്പാറ’ കണ്ണൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 3000 അടി മുകളിലായാണ് സ്ഥിതി ചെയ്യുന്ന ഇവിടം സന്ദർശകർക്കു വിസ്മയകാഴ്ചയാണ്. കൂടാതെ അപൂർവ ഇനം പക്ഷികളും പരിചിതമല്ലാത്ത സസ്യങ്ങളുമൊക്കെ ഈ മലമുകളിലുണ്ട്. കണ്ണൂരിലെ മീശപ്പുലിമല എന്നൊരു പേര് കൂടി പാലുകാച്ചിപ്പാറയ്ക്കുണ്ട്. പഴശിരാജയുടെ ഒളിപ്പോർ യുദ്ധങ്ങള്‍ അധികവും നടന്നതെന്ന പ്രത്യേകതയും പാലുകാച്ചിപ്പാറയ്ക്കുണ്ട്.
മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യൻ ഉദിച്ചുയരുന്ന ഇവിടുത്തെ പ്രഭാത കാഴ്ച കാണാനാണ് സഞ്ചാരികൾ അധികവും എത്തുന്നത്. കാലാവസ്ഥ അനുകൂലം ആണെങ്കിൽ മലയുടെ താഴ്ഭാഗത്തു പഞ്ഞിമെത്തകൾ വിരിച്ചതുപോലെ നോക്കെത്താ ദൂരത്തോളം മേഘങ്ങളാൽ മൂടപ്പെട്ട് കാണാം, മേഘങ്ങൾ ഒഴിഞ്ഞ ആകാശം ആണെങ്കിൽ ഇവിടെനിന്നും കണ്ണൂർ എയർപോർട്ടും അറബിക്കടലും നമുക്ക് കാണാൻ സാധിക്കും.
ചരിത്രം ഒന്നുകൂടെ പരിശോധിക്കുകയാണെങ്കിൽ ടെലിഫോൺ സംവിധാനം വ്യാപകമാകുന്നതിനു മുൻപ് തന്നെ ഇവിടെ മൈക്രോ വേവ് ടവർ സ്ഥാപിച്ചിരുന്നു. കോഴിക്കോട്- മംഗളുരു എസ്ടിഡി സംവിധാനത്തിനും ദുർദർശന്റെ ഭൂതല സംപ്രേഷണത്തിനുമുള്ള ടവറും വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
എങ്ങനെ എത്തിച്ചേരാം?
മട്ടന്നൂർ ടൗണിൽ നിന്ന് പത്തുകിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ശിവപുരം പടുപാറയിൽ നിന്നു മൈക്രോടവർ വഴി പാലുകാച്ചിപാറയിലെത്തി ചേരാം. കണ്ണൂർ നിന്നും 34 കിലോമീറ്ററും തലശേരിയിൽ നിന്നും 28 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതാണ്