മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ
നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകൾ മനസ്സിലാക്കി മഴക്കാല കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിളവ് ഇരട്ടിയാക്കാം. മഴക്കാലത്ത് മണ്ണൊരുക്കുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത നീർവാർച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായാൽ നല്ലത്. മണ്ണൊലിപ്പുണ്ടാകരുത് നമ്മൾ ചേർക്കുന്ന അടിവളവും മേൽമണ്ണും ഒലിച്ചുപോയാൽ ചെടി വളരില്ല
പടവലം, പാവയ്ക്ക, മത്തൻ, വെള്ളരി വർഗങ്ങൾ തുടങ്ങിയവ ഈ മാസവും കൃഷി ചെയ്യാവുന്നതാണ്. ഈ വിളകൾ മണ്ണിൽ നേരിട്ടോ മണ്ണു നിറച്ച ചാക്കുകളിലോ നടാവുന്നതാണ്. ചെറുതരം ചെടിച്ചട്ടികൾ ഈ കൃഷിക്ക് അനുയോജ്യമല്ല. ഇവയിൽ പാവൽ മത്തൻ തുടങ്ങിയവ എല്ലാകാലത്തും കൃഷി ചെയ്യാമെങ്കിലും മഴയില്ലാത്ത മാസങ്ങളിൽ ആണ് മറ്റു കൃഷികൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ നല്ലത്. ഇവയെല്ലാം നടുവാനായി ഒരുക്കങ്ങൾ സമാന സ്വഭാവത്തിൽ ആണ് നടത്തേണ്ടത്.
ഈ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കാം
60 സെൻറീമീറ്റർ വ്യാസവും, 45 സെൻറീമീറ്റർ താഴ്ചയുള്ള കുഴികൾ എടുത്ത് മണ്ണും മറ്റു ജൈവവളങ്ങളും ഹെക്ടറിന് 12 ടൺ എന്ന നിരക്കിൽ മണ്ണിൽ ചേർത്ത് കുഴിയൊന്നിന് നാലു മുതൽ അഞ്ചു ചെടി എന്ന നിരക്കിൽ വിത്ത് ഇടാവുന്നതാണ്. മോശമായ ചെടികളെ മാറ്റി കുഴി ഒന്നിന് മൂന്നെണ്ണം എന്ന നിരക്കിൽ ഇവയെ നിലനിർത്താൻ ശ്രദ്ധിക്കണം. അടി വെള്ളത്തിന് പുറമെ രണ്ടു തവണ കൂടി മേൽ വളപ്രയോഗം നടത്താവുന്നതാണ്. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ഹെക്ടറിന് 8 ടൺ എന്ന നിരക്കിലോ വെർമി കമ്പോസ്റ്റ് ആണെങ്കിൽ ഹെക്ടറിന് 4 ടൺ എന്ന നിരക്കിലോ ചെടികൾ മുളച്ചു പൊങ്ങുന്ന സമയത്ത് പൂക്കൾ വിടരുന്ന സമയത്തും രണ്ടു തുല്യ ഗഡുക്കളായി ചേർക്കാവുന്നതാണ്.
വേനൽക്കാലമാണ് കൃഷിചെയ്യുവാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവ് വിരിയുന്ന സമയത്തും കായ ഉണ്ടാകുന്ന സമയത്തും രണ്ട് ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ നനച്ചു കൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. പാവൽ, പടവലം തുടങ്ങിയവ പന്തലിന് അടിസ്ഥാനമാക്കി വളരുന്നവയാണ്. വെള്ളരി, തണ്ണീർമത്തൻ, മത്തൻ തുടങ്ങിയവ കമ്പ് അല്ലെങ്കിൽ ചുള്ളി ഇട്ടുകൊടുത്തു വളർത്തുന്നവയാണ്. പലതരം കീടബാധകൾക്കും സാധ്യതയുള്ളതാണ് വെള്ളരി വർഗ്ഗങ്ങൾ.
കീടനാശിനി പ്രയോഗം
എപ്പോഴും ഉണ്ടാവുന്ന കായ്കൾ കടലാസ്/ പ്ലാസ്റ്റിക് ഉറകൾ എന്നിവ ഉപയോഗിച്ച് മൂടി ഇടുന്നതാണ് നല്ലത്. കൂടാതെ വേപ്പിൻപിണ്ണാക്ക് ചെടി ഒന്നിന് 100 ഗ്രാം എന്ന നിരക്കിൽ നടുന്ന സമയത്തും, ഒരു മാസം കഴിഞ്ഞും മണ്ണിൽ ചേർക്കുകയും ചെയ്യാം. കായീച്ച നിയന്ത്രണത്തിന് ഫിറമോൺ കെണി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. നീരൂറ്റിക്കുടിക്കുന്ന ചെറു കീടങ്ങളെ ഇല്ലാതാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
ഇലയും പൂവും നശിപ്പിക്കുന്ന കീടങ്ങൾ ആണെങ്കിൽ കൈകൊണ്ട് എടുത്തു നശിപ്പിക്കുന്നതാണ് നല്ലത്. ഗോമൂത്രം പത്തിരട്ടി നേർപ്പിച്ച് ചെടികളിൽ തളിക്കുന്നതും ഫലപ്രദമാണ്. ഇലകൾ നശിപ്പിക്കുന്ന വണ്ടുകളെ ഇല്ലാതാക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, ആവണക്കെണ്ണ മിശ്രിതം തുടങ്ങിയവ ഉപയോഗിക്കാം. വേപ്പെണ്ണ ചേർത്ത മിശ്രിതങ്ങൾ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ വൈറസ് രോഗങ്ങൾ വരെ ഇല്ലാതാകും.