പരസ്യ കലാകാരന് കീത്തോ വിടവാങ്ങി
കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങൾ വരച്ചും ശില്പങ്ങൾ ഉണ്ടാക്കിയും പരിശീലിച്ച ഇദ്ദേഹം, സ്കൂൾ പഠനകാലത്ത് തന്നെ കൊച്ചിൻ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിൻ്റിംഗിനായുള്ള ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു. മഹാരാജാസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
പ്രൊഫഷണൽ ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റിന്റുമായിരുന്ന സേവ്യർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ തുടങ്ങി. ഏകദേശം നാലു വർഷക്കാലത്തെ എക്സ്പീരിയൻസ് നേടിയെടുത്ത ശേഷം കൊച്ചിയിൽ എം ജി റോഡിൽ “ഇല്ലസ്ട്രേഷൻ&ഗ്രാഫിക്സ്” എന്ന സ്ഥാപനമാരംഭിച്ചു. സുഹൃത്തും പിൽക്കാലത്തെ പ്രഗൽഭ തിരക്കഥാകൃത്തുമായ കലൂർ ഡെന്നിസ് ചിത്രകൗമുദി എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം.
കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി.
കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി. പരസ്യകലയോടൊപ്പം തന്നെ സിനിമ നിർമ്മിക്കുകയും സിനിമക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്.
പിൽക്കാലത്ത് സിനിമാ മേഖലയിൽ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്ട്രേഷനുകളിലേക്കും തിരിഞ്ഞു. “കിത്തോസ് ആർട്ട് ” എന്ന സ്ഥാപനവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിൻ്റെ ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് പിൻഗാമിയായി പിതാവിനോടൊപ്പമുണ്ട്. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു. ഭാര്യ ലില്ലിയോടും ഇളയ മകനോടുമൊപ്പമാണ് താമസിച്ചിരുന്നത്.