ഓട്സ് കഴിക്കാറുണ്ടോ.. എന്നാല്‍ കൃഷിയിറക്കിക്കോ ‘പോക്കറ്റും’ നിറയും…

ഓട്സ് പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒന്നാണ്. കൂടാതെ ബിയര്‍ നിര്‍മ്മാണത്തിനും ഈ ധാന്യം ഉപയോഗപ്പെടുത്താറുണ്ട്. ഇത്രയും ഉപയോഗപ്രദമായ ഓട്സ് വീട്ടുവളപ്പില്‍ കൃഷിചെയ്താല്‍ ലാഭകരമായിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

മറ്റു ധാന്യവർഗ്ഗങ്ങളുടെ കൃഷിരീതി തന്നെയാണ് ഇതിനും. വസന്തകാലത്താണ് കൃഷിയാരംഭം. കാലംതെറ്റിയാൽ വളർച്ച കുറയും, വിളവും. നട്ടുകഴിഞ്ഞാൽ വലിയ പരിചരണമൊന്നും ആവശ്യമില്ല. തുടക്കത്തിൽ അൽപ്പമൊരു ശ്രദ്ധ, അത്രയേ ആവശ്യമുള്ളൂ. ജൈവ വളങ്ങളോടാണ് താൽപ്പര്യം.

പ്രകൃത്യാ ഫലപുഷ്ടിയുള്ളയിടങ്ങളിൽ താനേ വളർന്നു വിളവ് തരും. ജൂൺ-–-ജൂലൈ മാസങ്ങളിലാണ് പൂവണിയുന്നത്. ആഗസ്ത് മുതൽ ഒക്ടോബർ വരെ കൊയ്ത്തുകാലവും. ഇനമനുസരിച്ചു മൂപ്പെത്തുന്നതിലും പ്രകടമായ വ്യത്യാസം കാണുന്നു. പൊതുവെ നട്ട്‌ മൂന്നുമൂന്നര മാസംകൊണ്ട് വിളവെടുപ്പിനാകും.നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് ഓട്സിന്റെ വിത്തുകള്‍ പാകണം. ഒരിഞ്ച് മാത്രം കനത്തില്‍ മണ്ണിട്ട് മൂടിയാല്‍ മതി. ഇങ്ങനെ ചെയ്താല്‍ വിത്ത് മുളയ്ക്കുന്നതിന് മുമ്പ് പക്ഷികള്‍ കൊത്തിപ്പറക്കുന്നത് ഒഴിവാക്കാം.

മണ്ണില്‍ ഈര്‍പ്പം നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധനല്‍കണം . മറ്റുള്ള ധാന്യങ്ങളുടെ വിത്തുകളേക്കാള്‍ കൂടുതല്‍ ഈര്‍പ്പം കിട്ടിയാല്‍ മാത്രമേ ഓട്സിന്റെ വിത്തുകള്‍ മുളച്ച് വരികയുള്ളു. 45 ദിവസങ്ങള്‍ക്കുള്ളില്‍ പച്ചനിറത്തില്‍ കുരുവിന്റെ മുകള്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ധാന്യം ക്രീം നിറത്തിലേക്ക് മാറുകയും രണ്ടു മുതല്‍ അഞ്ച് അടി വരെ ഉയരത്തിലെത്തുകയും ചെയ്യും.

കുരുവിന്റെ പ്രധാനഭാഗം കട്ടിയാകുന്നതുവരെ കാത്തിരുന്നാല്‍ വിളവ് നഷ്ടപ്പെടാനിടയുണ്ട്. തണ്ടിന്റെ പരമാവധി മുകള്‍ഭാഗത്ത് നിന്നും വിത്തുകളുടെ തലഭാഗം മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ വൈക്കോലിന്റെ അളവ് കുറച്ച് ഓട്സ് വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടി പച്ചനിറമുള്ളപ്പോൾത്തന്നെ കൊയ്തെടുക്കണം. നന്നായി വിളഞ്ഞാൽ ധാന്യം കൊഴിഞ്ഞുപോകാം. കൊയ്തെടുത്ത കറ്റ നല്ല ചൂടുള്ള സ്ഥലത്ത് ശേഖരിച്ച് പതിരുകളഞ്ഞ് മെതിച്ചെടുക്കാം. അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉണങ്ങിയ തണ്ടില്‍ നിന്നും ധാന്യം മെതിച്ചെടുക്കാം.

അതിനുശേഷം ഓട്സും മെതിച്ചെടുത്തശേഷം കിട്ടുന്ന ഉമി പോലുള്ള പൊടിയും ഒരു ബക്കറ്റിലേക്ക് മാറ്റി മുകളിലേക്ക് കുലുക്കി കാറ്റില്‍ കനംകുറഞ്ഞ പൊടികള്‍ പറത്തിക്കളയണം. അപ്പോള്‍ കട്ടികൂടിയ ഓട്സ് ബക്കറ്റിന്റെ താഴെ ശേഖരിക്കാം.

വൈക്കോൽ അഥവാ കച്ചി കുതിരകൾക്കും കന്നുകാലികൾക്കും ഇഷ്ടാഹാരമാണ്. ഇതിന്റെ ഔഷധഗുണവും പോഷകഗുണവും പ്രചരിച്ചതോടെയാണ് ഓട്സിന് ആവശ്യക്കാർ കൂടിയത്. സമ്പൂർണ ഭക്ഷണമെന്നനിലയിൽ ഓട്മീലിന് ഇന്ന്‌ ലോകം മുഴുവനും പ്രചാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *