ചെടിച്ചട്ടികൾക്ക് ഒരു അപരൻ ‘കൊക്കേഡാമ’ ; കൊക്കേഡാമ നിര്‍മ്മിച്ച് വരുമാനം നേടാം

ചെടിച്ചട്ടികൾക്ക് പകരമായി ഉദ്യാനപരിപാലനമേഖലയിൽ തരംഗമായിമാറുകയാണ് പായൽ പന്തുകൾ. അൽപം ക്ഷമയോടെ സമീപിക്കാമെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. പുഷ്പപരിപാലനത്തി ന്റെ രസത്തിനൊപ്പം കലാപരമായ കഴിവുകൂടി കൊക്കേഡമയിൽ സംയോജിപ്പിക്കാം എന്നതാണ് ഇതിന്റെ ആകർഷണീയത. ഉദ്യാനപരിപാലനമേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സംരംഭകർ ആകർഷകമായ ബിസിനസ് ആക്കി ഇതിനെ മാറ്റുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ജപ്പാനിൽ ഉണ്ടായിരുന്ന ഒരു ഉദ്യാനകലയാണ് കൊക്കേഡാമ. ജപ്പാൻകാർ മോസ് ബോൾ എന്നും ഇതിനെ വിളിച്ചു വരുന്നു. പ്രത്യേകതരം പായലാണ് കൊക്കെഡമയിലെ പ്രധാന ഘടകം. മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഉദ്യാനശൈലി സാമൂഹമാധ്യമങ്ങളിലൂടെയാണ് എല്ലായിടത്തും ജനപ്രീതിയാർജിച്ചത്. സ്ഥലപരിമിതി കാരണം പൂന്തോട്ട നിർമാണ രീതികളും കേരളത്തിൽ മാറി വരികയാണ്. കൊക്കേഡാമ വീടിന് അകത്തും പുറത്തും വളർത്താൻ കഴിയുന്നു.

കൊക്കേഡാമ തയാറാക്കുന്ന വിധം

ചകിരിച്ചോറ് , ഉണങ്ങിയ ചാണകപ്പൊടി , മേൽമണ്ണ് , ഇവ 1:1:1 അനുപാതത്തിൽ ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് കുഴച്ച് ചെടികളുടെ വലിപ്പത്തിനനുസരിച്ചുള്ള ബോളുകളാക്കി എടുക്കുക. കൊക്കേഡമയുടെ ശാസ്ത്രമനുസരിച്ച് മണ്ണുപയോഗിച്ചുള്ള പന്തുകളുടെ മേലെയാണ് പായൽ പിടിപ്പിക്കുന്നത്

. നടാനുള്ള ചെടി വേരോടെ പന്തിനുള്ളിൽ നടണം . വീണ്ടും പന്തുകൾ നന്നായി ഉരുട്ടിയെടുത്ത് കോട്ടൺ തുണികൊണ്ട് അതിനെ പൊതിയുക. എന്നിട്ട് നൈലോൺ വയർകൊണ്ട് ചുറ്റിക്കെട്ടുന്നു. നൈലോണിന് പകരം പ്ലാസ്റ്റിക് വയറും ഉപയോഗിക്കാം. വായ് വട്ടം ചുറ്റിക്കെട്ടിയ ശേഷം കുറച്ചു ചരട് നിലനിർത്തി അവശേഷിക്കുന്നത് മുറിച്ചു നീക്കണം .

പായൽ ഇതിന് മുകളിൽ പതിപ്പിച്ച് നൂലിട്ട് ചുറ്റിക്കെട്ടി ഉറപ്പിച്ചു നിർത്തണം. ഇങ്ങനെ തയാറാക്കിയ കൊക്കെഡാമ പന്തുകളെ ഭിത്തിയിൽ തൂക്കിയിടുകയോ ഭംഗിയുള്ള പരന്ന പാത്രങ്ങളിലോ മറ്റ് പ്രതലങ്ങളിലോ വയ്ക്കുകയുമാവാം. വലിയ ഇലകളുള്ള ചെടികൾ ഒഴിവാക്കണം. അധികം വളരാനാകാത്ത അലങ്കാര സസ്യങ്ങളും മറ്റു ചെടികളും ഈ രീതിയിൽ വളർത്താവുന്നതാണ്. തൂക്കിയിടുന്ന ചെടികളല്ല കൊക്കെഡമയിൽ വെയ്ക്കുന്നതെങ്കിൽ പ്ലാസ്റ്റിക് കയർ ഉപയോഗിക്കേണ്ട ആവശ്യമില്ല.

കൊക്കേഡമയുടെ പരിപാലനം

ചെടിയുടെ ഹരിത ഭംഗി നിലനിർത്താൻ വെള്ളം ഇടയ്ക്ക് നനച്ചു കൊടുക്കണം. വേനൽക്കാലത്ത് നനയുടെ അളവ് കൂട്ടാം. പായലിന്റെ പുറത്തെ ഈർപ്പം കുറയുന്നതനുസരിച്ച് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാം. കൊക്കെഡാമ പന്തുകളെ അതേപടി ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കിയെടുക്കുന്നതും നല്ലതാണ്.വളപ്രയോഗ സമയങ്ങളിൽ ദ്രാവകരൂപത്തിലുള്ള വളങ്ങളോ അല്ലെങ്കിൽ ഉണക്കച്ചാണകമോ പൊടിച്ച് പാകത്തിന് വെള്ളം ബക്കറ്റിൽ ഒഴിച്ച് വളങ്ങൾ ഇതിൽ ചേർത്ത് മോസ്ബോളിനെ മുക്കിയെടുക്കാവുന്നതാണ്.

വളരെക്കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം കൊക്കെഡാമ നിർമ്മാണം വഴി നേടാവുന്നതാണ്. നല്ല തൊഴിൽ അവസരങ്ങൾ നൽകുന്ന നല്ലൊരു മേഖലയായി വരികയാണ് കൊക്കെഡാമ നിർമ്മാണം. വീട്ടമ്മമാർക്ക് നല്ലൊരു വരുമാന മാർഗം കണ്ടെത്താൻ കഴിയുന്ന മേഖലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *