പ്രതിരോധിക്കാം ബ്ളാക്ക് ഫ൦ഗസിനെ
മ്യൂക്കോറെലിസ് പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്.
നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന് മരുന്നെടുക്കുന്നവർ, ഉയർന്ന അളവിൽ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ, എച്ച്.ഐ.വി. രോഗബാധിതർ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് 19 ൽ അനിയന്ത്രിതമായ പ്രമേഹ രോഗികളിലും ദീർഘനേരം ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകൾ ഉപയോഗിക്കേണ്ടി വരുന്ന രോഗികളിലുമാണ് ഈ അണുബാധ കണ്ടുവരുന്നത്.
ഇത് കോവിഡിന്റെ സങ്കീർണതയോ നേരിട്ടുള്ള ഫലമോ ആയി പറയാൻ കഴിയില്ല. കോവിഡ് രോഗികളിൽ ഇത് വരാതെ സൂക്ഷിക്കാൻ ബ്ലഡ് ഷുഗർ കൃത്യമായി ചികിത്സിച്ച് നിയന്ത്രണവിധേയമാക്കുക. ഓക്സിജൻ കൊടുക്കുന്ന രോഗികളാണെങ്കിൽ ഹ്യുമിഡിഫൈയർ ദിവസവും വൃത്തിയാക്കുക. അതിൽ ഒഴിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തുക. രോഗിയുടെ ശുചിത്വം ഉറപ്പുവരുത്തുക. വായ്പുണ്ണ്, പല്ലിന്റെ പഴുപ്പ് ഇവയൊക്കെ പെട്ടെന്നുതന്നെ ചികിത്സിച്ചു ഗുണപ്പെടുത്തുക.
കോവിഡ് രോഗം പോലെ തന്നെ ഈ ബ്ലാക്ക് ഫംഗസ് ബാധയും പ്രതിരോധിക്കുന്നതാണ് പ്രധാനം. ഇത് എല്ലാ കോവിഡ് രോഗികളിലും കാണാനുള്ള സാധ്യത കുറവാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കുന്ന മരുന്നുകൾ അഥവാ അങ്ങനെ സംഭവിപ്പിക്കുന്ന മേൽപറഞ്ഞ രോഗാവസ്ഥകൾ ഉള്ള രോഗികളിൽ മാത്രമേ ഈ ഫംഗസ് ബാധ ഉണ്ടാവാൻ സാധ്യതയുള്ളൂ.