പഞ്ചായത്ത് ഭരണത്തോടൊപ്പം ആയോധനകലാരൂപങ്ങളിലും തിളങ്ങുന്ന വക്കീല്‍
പ്രവര്‍ത്തനമേഖല ഏതെന്ന് കണ്ടെത്തി അതില്‍ വിജയം കൈവരിക്കുകയെന്നത് അസാധ്യമായകാര്യമെന്നിരിക്കെ താന്‍ നിയോഗിക്കപ്പെട്ട എല്ലായിടങ്ങളിലും തിളങ്ങുന്ന അമ്പലപ്പുഴക്കാരി ഷീബരാകേഷിന് കൊടുക്കാം ബിഗ് സല്യൂട്ട്.
പഞ്ചായത്തിന്റെ ഭരണത്തോടൊപ്പം കളരിയിലും കുമ്മാട്ടിയിലും കഴിവ് തെളിയിച്ച് വ്യത്യസ്തയാകുകയാണ്അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീബാ രാകേഷ്.
പ്രസിഡന്‍റ് സൂപ്പറാണ്
പ്രസിഡന്റ് സ്ഥാനം കൈവരിക്കുന്നതിന് മുൻപ് തന്നെ ജില്ലാകോടതിയിലും ഹൈക്കോടതിയിലും മികച്ച അഭിഭാഷകയായി പ്രാവണ്യം തെളിയിക്കാൻ ഷീബയ്ക്കായിരുന്നു. എന്നാൽ ഇപ്പോൾ വനിതകൾ അപൂർവ്വമായി മാത്രം കടന്ന് ചെല്ലാറുള്ള മേഖലയായ കളരിയിലും കുമ്മാട്ടി കലാരൂപത്തിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിരിക്കുകയാണ് ഈ മുപ്പത്തിയൊന്‍പതുകാരി
ഔദ്യോഗിക തിരക്കുകൾക്കിടയിലും അല്‍പ്പസമയം ആയോധനകലകൾക്കും കുമ്മാട്ടി കലാരൂപത്തിനുമായി മാറ്റിവെയ്ക്കവാന്‍ ഷീബപ്രത്യേകം ശ്രദ്ധിക്കാറുണ്ട്
കളരി, കുമ്മാട്ടി,കവിത.. ആള് വേറെ ലെവല്‍
തെക്കൻകളരിമുറ അഭ്യസിപ്പിക്കുന്ന ഷീബയ്ക്ക് ആലപ്പുഴയിൽ അനവധി ശിഷ്യസമ്പത്തുണ്ട്. തൂക്കുകുളത്തിനടുത്തുള്ള കളരിയിലാണ് തന്റെ ശിഷ്യഗണങ്ങളെ ഷീബ കളരി അഭ്യസിപ്പിക്കുന്നത്. കളരി അഭ്യാസിയായ അച്ഛൻ സൈമണിൽനിന്നാണ് ഷീബ കളരിയുടെ ആദ്യപാഠങ്ങൾ പഠിച്ചുതുടങ്ങിയത്.
വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള നാടൻകലാരൂപമായ കുമ്മാട്ടിയെ തന്റേതായ ശൈലിയിൽ ഉത്സവങ്ങളോടനുബന്ധിച്ച് അവതരിപ്പിച്ച് പെൺകുമ്മാട്ടിയായും മാറുകയാണ് ഷീബാ രാകേഷ്. ദേവീ പ്രീതിയ്ക്കും വിളവെടുപ്പിനോടനുബന്ധിച്ചും ഓണത്തിനുമാണ് സാധാരണ കുമ്മാട്ടി അവതരിപ്പിക്കുന്നത്. ഇതിനായി പർപ്പിടക പുല്ല് തീർത്ത ഉടയാടയാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഷീബ തന്റേതായ ശൈലിയിൽ വേഷത്തിൽ ചില പരിഷ്ക്കാരങ്ങളും വരുത്തിയിട്ടുണ്ട്. കുമ്മാട്ടി ഷീബ തനിയെ പഠിച്ചതാണ്. ഷീബയുടെ കുമ്മാട്ടിവേഷത്തിന് കലാപ്രേമികൾ ഹൃദ്യമായ പ്രോത്സാഹനമാണ് നൽകുന്നത്. വളരെ കാലം മുൻപ് വരെ പുരുഷൻമാർ മാത്രമാണ് ഈ കലാപ്രകടനത്തിന് വേഷമിട്ടിരുന്നത്. തിരക്കുകൾക്കിടയിലും ഷീബ തന്നെ രചനയും സംവിധാനവും നടത്തിയ ഷോട്ട് ഫിലിമും തയ്യാറാക്കിയിരുന്നു. ഇടം എന്ന പേരിലെ ഷോട്ട്ഫിലിമിൽ ഷീബ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും. സോഷ്യല്‍ മീഡിയയില്‍ കവിതയും എഴുതാറുണ്ട്.
പിന്നീട് വേറെ ഗുരുക്കൻമാരിൽ നിന്ന് കളരിയുടെ ബാക്കി അഭ്യാസങ്ങളും പഠിച്ചു. തെക്കൻ സമ്പ്രദായത്തിൽ ഒറ്റച്ചുവട്, കൂട്ടച്ചുവട് എന്നിങ്ങനെ 64 അടവുകളാണുള്ളത്. ആയുധ വിഭാഗത്തിൽ കഠാര, ഇരട്ട കഠാര, നീട്ടുകത്തി, വെട്ടുകത്തി, വാൽ, ചുരുട്ടുവാൾ, കുറുവടി, ചിറവം എന്നിങ്ങനെ ഉപയോഗിക്കും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വനിതകൾക്കായി സൗജന്യമായി കളരി പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീബ.
കുടുംബം
തിരുവനന്തപുരം നെയ്യാറ്റിൻകര നരസിംഹത്ത് വീട്ടിൽ സൈമൺ -വാസന്തി ദമ്പതികളുടെ ആറ്മക്കളിൽ രണ്ടാമത്തെയാളാണ് ഷീബ. ആലപ്പുഴ കളർകോട് സ്വദേശി രാകേഷാണ് ഭർത്താവ്. മക്കൾ അനശ്വർ രാകേഷ്, ആധവ് രാകേഷ്.