വിദേശത്തും ചിഞ്ചുവിന്‍റെ എണ്ണതോണിക്ക് ആരാധകര്‍

പൂര്‍ണ്ണിമ

കൊച്ചി: ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയത്തിലുദിച്ച എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വന്‍ ഡിമാന്റാണ്. അരയന്‍കാവ് സ്വദേശി ചിഞ്ചുവിന്റെ എണ്ണത്തോണികള്‍ ഇന്ന് കടല്‍ കടന്ന് ഗള്‍ഫ് – യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണികളാണ് ഇവിടുത്തെ പ്രത്യേകത.  അരയന്‍കാവ് പുളിക്കാമൂഴിയില്‍ ചിഞ്ചു കൃഷ്ണരാജിന്റെ സ്ഥാപനം നിര്‍മിച്ച എണ്ണത്തോണികള്‍ കടല്‍കടന്ന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്.

ആയുര്‍വേദ ആശുപത്രികളിലും സ്പാകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ആയുഷ് ജ്യോതി’, ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്. ഭര്‍ത്താവ് കൃഷ്ണരാജ് ഒപ്പംചേര്‍ന്നതോടെ എട്ടുവര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇവര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കളമശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ് 2022’ സംഗമത്തില്‍ ദമ്പതികള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ജമ്മുക്ഷ്മീര്‍ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.

എണ്ണത്തോണി

വാകമരത്തില്‍ ഏഴുമുതല്‍ ഒമ്പതടിവരെ നീളത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണികള്‍ക്ക് 25,000 മുതല്‍ 60,000 രൂപവരെ വില വരും. ഫൈബര്‍ എണ്ണത്തോണിക്ക് 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നു. ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ഇവിടെയുണ്ട്. കൂടാതെ, വീട്ടകങ്ങളില്‍ അലങ്കാരമായി വയ്ക്കുന്ന ദാരുശില്‍പ്പങ്ങളും നിര്‍മിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങള്‍ ‘ആയുഷ് ജ്യോതി’യില്‍ സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനിയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നത്.

കീഡിലെ പരിശീലനം പുതിയ ഊര്‍ജവും അറിവും പകര്‍ന്ന സന്തോഷത്തിലാണ് ചിഞ്ചു.2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ചിഞ്ചു മുന്നിട്ടിറങ്ങിയത്. 2015 ആയപ്പോള്‍ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു പണിശാല നിര്‍മ്മിച്ചു.ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മ്മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്ക് സ്വദേശത്തും വിദേശത്തും വന്‍ ഡിമാന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!