പ്രഭാത ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിനോട് നോ പറയാം

ഡോ. അനുപ്രീയ ലതീഷ്

പരമ്പരാഗത വിഭവങ്ങളൊക്കെ മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.നമ്മുടെ ആഹാരരീതി മാറുകയാണ്. പൊറോട്ട, ബിരിയാണി, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയ വിഭവങ്ങൾ കേരളത്തിന്‍റെ എല്ലായിടങ്ങളിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു. തിരക്കേറിയ ജീവിത യാത്രയിൽ ആഹാരം പലപ്പോഴും ഹോട്ടലിൽ നിന്നും കഴിക്കേണ്ടി വരുന്നു.


പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ, കാൻസർ തുടങ്ങിയ ഒട്ടനവധി രോഗങ്ങൾ നിയന്ത്രണാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങൾ എന്നിവ അമിതമായി ഉപയോഗിക്കുന്നതും മദ്യത്തിനും പുകവലിക്കും അടിമപ്പെടുന്നതും രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഉപയോഗിച്ച എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന രാസമാറ്റങ്ങൾ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു.


കുട്ടികൾക്ക് വിവിധ പോഷകങ്ങൾ നിറഞ്ഞ സമ്പൂർണ്ണ ഭക്ഷണശീലം പിന്തുടരുന്നത് പഠനത്തിനും ആരോഗ്യത്തിനും വളരെയേറെ ഗുണം ചെയ്യും. ടിവി കണ്ടും ഫോൺ ചെയ്തും ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക. ഇങ്ങനെ മറ്റെന്തെങ്കിലും ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകാം. ഇത് അമിതവണ്ണത്തിനും അലസമായ ജീവിതശൈലിക്കും മൊത്തത്തിലുള്ള അനാരോഗ്യത്തിനും കാരണമായേക്കാം. പകലുറക്കം, വ്യായാമം ഇല്ലായ്മ, അരി ആഹാരം, മാംസാഹാരം അമിതമായി ഉപയോഗിക്കുന്നതും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു.


ഏതുതരം ആഹാരം കഴിക്കണം, എങ്ങനെ കഴിക്കണമെന്നുള്ളതും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഭക്ഷണം തിരക്കുപിടിച്ച് വളരെ വേഗത്തിൽ അകത്താക്കുകയാണെങ്കിൽ തലച്ചോറിന് അതേക്കുറിച്ച് മനസ്സിലാക്കാനുള്ള സമയം ലഭിക്കില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് 15 – 20 മിനിറ്റുകൾക്ക് ശേഷമായിരിക്കും വയർ നിറഞ്ഞു എന്ന സന്ദേശം തലച്ചോറിൽ നിന്നും എത്തുന്നത് അതിനാൽ വളരെ വേഗം കഴിക്കുകയെന്നാൽ അമിതമായി ഭക്ഷണം കഴിക്കുകയാണെന്ന് തിരിച്ചറിയുക. ആഹാരം കഴിക്കുന്നത് സാവധാനത്തിൽ ആയിരിക്കണം. അതിനായി ഓരോ തവണ ആഹാരം വായിൽ വെച്ച ശേഷവും സാവധാനം ചവച്ചരച്ച് ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *