മഴക്കാലത്തും വെണ്ട കൃഷി ചെയ്യാം
കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളരുന്ന പച്ചക്കറിയാണ് വെണ്ട. മെയ് മാസം പകുതിയോടെയാണ് വെണ്ടയുടെ മഴക്കാല കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളില്‍ ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താന്‍ ശ്രദ്ധിക്കണം. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും.
ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. മഞ്ഞളിപ്പ് രോഗമാണ് വെണ്ട കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കും.ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു ലഭിക്കും..