ജനകപുത്രി – ഊർമ്മിള

സുമംഗല സാരംഗി✍️

രാമായണത്തിലപ്രസക്തയാം നാരീ
ജനകമഹാരാജ പുത്രിയാം ഊർമ്മിള
വാത്മീകി കാണാതെ പോയ ത്യാഗമയി
ലക്ഷ്മണന്റെ പ്രിയ പത്നി ഊർമ്മിള

മിഥിലാപുരി തന്നവകാശിയായിട്ടും
മൈഥിലിയാകാൻ കഴിയാത്തവൾ
എന്നുമെന്നും സീത തൻ നിഴലാകാൻ
മാത്രം വിധിക്കപ്പെട്ടവൾ ഊർമ്മിള

താതന്റെ ആജ്ഞ നിറവേറ്റുവാനായ്
സീതാരാമൻ മാർക്കൊപ്പം ലക്ഷ്മണൻ
വനവാസത്തിനായ് പുറപ്പെട്ട നേരവും
പതിതൻ ചാരത്തണഞ്ഞവൾ ഊർമ്മിള

പോരട്ടെ ഞാനും വനവാസത്തിനായ്
പതിക്കൊപ്പമാണെന്നുംപത്നിതൻലോകം ആ ചരണങ്ങളാണെന്നുമിവൾക്കാശ്രയം എന്നു ചൊല്ലിയാ സ്വർഗ്ഗം കാംക്ഷിച്ചവൾ

പതിതൻ ഇച്ഛപ്രകാരം പ്രിയമൂറും ഭർതൃ മാതാക്കളെ , ഗുരുജനങ്ങളെ സേവിപ്പ –
തിന്നായ് അപ്രിയമൊന്നും കൂടാതെ
കർത്തവ്യനിരതയായവൾ ഊർമ്മിള

പ്രിയ കാന്തൻ ലക്ഷ്മണന്റെ നിദ്രാവത്വം
പതിനാലു സംവൽസരം നിദ്രാദേവിയിൽ നിന്നും വരമായി സ്വീകരിച്ച കുലവധൂടി അയോദ്ധ്യതൻ മരുമകൾ ഊർമ്മിള

മനം വിരഹദുഃഖത്താൽ നീറുമ്പോഴും
തന്നിൽ നിക്ഷിപ്തമാം കർമ്മങ്ങളെ
മടിയേതും കൂടാതെ ശിരസ്സാവഹിച്ചവൾ
സ്ത്രീത്വത്തിൻ മഹത്വമുയർത്തിപ്പിടിച്ചു

തന്റെ വ്യഥകൾ വരച്ചു തീർത്തവൾ
കാന്തിയെഴും ചിത്രങ്ങളായ് നിത്യവും
നേരിൽകാണുകിൽ ആരും കൊതിച്ചിടും
ജീവൻ തുടിക്കുമാ വർണ്ണ ചിത്രങ്ങൾ

ജാനകി മൈഥിലി വൈദേഹി എന്ന പേർ
സോദരിക്കായച്ഛൻ നൽകിയപ്പോഴും നിശ്ശബ്ദത തൻ മൂടുപടമണിഞ്ഞവൾ
രാമായണത്തിൻ പ്രിയപുത്രി ഊർമ്മിള

ഇന്നും ജീവിക്കുന്നുണ്ട് നമുക്കു ചുറ്റും
ഊർമ്മിള തൻ പിൻ തലമുറക്കാർ
സ്വപനങ്ങൾക്ക് യാത്രാമൊഴിയേകി
ജീവിതം ഹോമിച്ചു കളയുന്നവർ

അഭിനവ ഊർമ്മിളമാരെ ഉണരുക ..
മുഴങ്ങട്ടെ നിങ്ങൾ തൻ കണ്ഠങ്ങളിൽ
നിന്ന് സ്ത്രീത്വത്തിൽ അഗ്നിജ്വാലകൾ
തൂവെളിച്ചം വിതറുക നിങ്ങൾക്കു ചുറ്റും

                          

Leave a Reply

Your email address will not be published. Required fields are marked *