മുല്ലപ്പൂ കൃഷിയിൽ അറിയേണ്ടത്?.. ഈ വളപ്രയോഗം പൂവിടാത്തമുല്ലയും പൂക്കും

മുറ്റത്തെ മുല്ലയില്‍ മണം മാത്രമല്ല പണവുമുണ്ട്‌. ചെറുകിട കര്‍ഷകര്‍ക്ക്‌ ഒറ്റക്കും സംഘമായും നടത്താന്‍ പറ്റിയ മികച്ച കൃഷി സംരംഭങ്ങളിലൊന്നാണ്‌ കുറ്റിമുല്ല കൃഷി.

ഓഫ്‌ സീസണിലെ മോഹവില ലഭിച്ചില്ലെങ്കിലും ന്യായമായ ആദായം എപ്പോഴും പ്രതീക്ഷിക്കാം. പണ്ടു നമ്മുടെ വീട്ടുമുറ്റങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത പൂച്ചെടിയായിരുന്നു കുറ്റിമുല്ല.നിലത്തും താങ്ങുകളിലും പടരുന്നതും കുറ്റിച്ചെടിയായി വളരുന്നതുമായ നിരവധി മുല്ല ഇനങ്ങള്‍ നാട്ടിലെ ഗൃഹോദ്യാനങ്ങളില്‍ കാണാം. ഹൃദയഹാരിയായ ഗന്ധമുള്ള മുല്ലപ്പൂക്കള്‍ മാലകെട്ടുന്നതിനും പുഷ്‌പാര്‍ച്ചനക്കും ആഘോഷവേളകള്‍ മനോഹരമാക്കുന്നതിനും സ്‌ത്രീകളുടെ മുടിക്കെട്ട്‌ അലങ്കരിക്കുന്നതിനുമെല്ലാം ഉപയോഗിച്ചു വരുന്നു.

കൃഷിരീതി

വെള്ളം കെട്ടി നിൽക്കാത്തതും വളക്കൂറുള്ളതും മണൽ ചേർന്നതുമായ മണ്ണാണ് മുല്ല കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തൈകൾ നടുവാൻ ചാലുകൾ എടുത്ത് മതിയായ ഉയരത്തിൽ വാരം കോരണം. നല്ലപോലെ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തണൽ വീഴാത്ത തുറസായ സ്ഥലങ്ങളിൽ കൃഷി ചെയ്താൽ മാത്രമേ മികച്ച വിളവ് ലഭ്യമാകുകയുള്ളൂ. കൃഷിയിടം ഉഴുതുമറിച്ച് കളകൾ പൂർണമായും കളഞ്ഞു കൃഷി ആരംഭിക്കാം. നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത് വേരുപിടിപ്പിച്ചതോ അല്ലാത്തതോ ആയ മൂത്ത തണ്ടുകളാണ്. തണ്ടുകളിൽ നിന്ന് ഇലകൾ നീക്കി ചുവടുമാറ്റം ഹോർമോൺ പുരട്ടി വേരുപിടിപ്പിക്കാൻ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ ആദ്യം നടണം. വേര് പിടിച്ചതിനു ശേഷം ഇത് മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. മണ്ണിലേക്ക് നടുവാൻ കർഷകർ ജൂൺ- ജൂലൈ മാസങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. ഏകദേശം ചെടികൾ നട്ടു 100 ദിവസം പ്രായമാകുമ്പോൾ വേരോടെ ഇളക്കി കിളച്ചൊരുക്കിയ സ്ഥലത്തേക്ക് മാറ്റി നടാം. മുല്ലപ്പൂവ് കൃഷിയിൽ നല്ല വിളവ് ലഭ്യമാകാൻ ജീവാമൃതവും, മീൻ വളവും നൽകുന്നതാണ് ഉത്തമം.

ജീവാമൃതം തയ്യാറാക്കി ഒരുദിവസം പുളിപ്പിച്ചതിനുശേഷം ഒരു ചുവടിന് ഒരു ലിറ്റർ മിശ്രിതം എന്ന തോതിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് പ്രയോഗിക്കുമ്പോൾ രാസ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കരുത്. ജീവാമൃതം പോലെ തന്നെ പരമാവധി വിളവിന് ഉപയോഗിക്കുന്നതാണ് മീൻവളം. മത്തിയും ശർക്കരയും തുല്യ അളവിൽ എടുത്ത് തയ്യാറാക്കുന്ന മീൻവളം 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് ചെടിച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.ഇതുകൂടാതെ മുല്ലപ്പൂ കൃഷിയിൽ പ്രധാനപ്പെട്ടതാണ് കൊമ്പുകോതൽ.

പൂക്കൾ ധാരാളമായി ഉണ്ടാകുവാൻ ആരോഗ്യമില്ലാത്ത ശിഖരങ്ങൾ നീക്കി കളയണം. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കൂടുതൽ പൂക്കൾ ഉണ്ടാകുന്നത് ഈ കാലയളവിൽ നല്ല രീതിയിൽ നന പ്രയോഗം നടത്തണം. പൂക്കളേക്കാൾ മൊട്ടുകൾക്ക് ആണ് വിപണിയിൽ ഡിമാൻഡ് കൂടുതൽ. ചെടി നട്ട് ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ച് കളയാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ മാത്രമാണ് ശരിയായ വളർച്ചയും പൂവിടലും സാധ്യമാവുകയുള്ളൂ. വിളവെടുപ്പ് കാലത്ത് രാവിലെതന്നെ പൂക്കൾ പറിക്കണം. ഒരുവർഷം ഒരേക്കറിൽനിന്ന് 1500 കിലോ വരെ പൂക്കൾ ലഭ്യമാകും.15 വര്‍ഷത്തോളം നല്ല വിളവ്‌ ലഭിക്കും. ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്‌, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയുടെ പ്രയോഗം കൊണ്ട്‌ രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാം…..

കടപ്പാട് ഫാമിംഗ് വേള്‍ഡ്,വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!