ജോൺ എബ്രഹാം ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി അനശ്വര രാജൻ
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവ് ആകുന്ന മലയാള ചിത്രത്തിൽ അനശ്വര രാജൻ നായിക വേഷത്തിൽ എത്തുന്നു. ജെ.എ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് മൈക്ക് എന്നാണ്.കൊച്ചിയിൽ നടന്ന ചടങ്ങിൽ ആയിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശിവപ്രസാദ് ആണ്. പുതുമുഖം താരം രഞ്ജിത് സജീവ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി ജോൺ എബ്രഹാമും അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റാണ് പുറത്തിറക്കിയത്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്.ഒരു വ്യക്തിയുടെ ജീവിതത്തിലെ നിരവധി ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിക് അക്ബർ അലിയുടേതാണ്. രണദീവെ ആണ് ഛായാഗ്രഹൻ.ദേശീയപുരസ്കാര ജേതാവും , ബിഗ്ബി , സാഗർ ഏലിയാസ് ജാക്കി, അൻവർ , എസ്ര തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് കൈകാര്യം ചെയ്ത വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ജെ . എ എന്റർടെയ്ൻമെന്‍റിന്‍റെ ആദ്യ ചിത്രമാണ് മൈക്ക്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.