വേനല്‍ക്കാലത്ത് ടെറസ് കൃഷി ലാഭമോ?..

വിലകയറ്റമാണ് നാം ഓരോരുത്തരും നേരിടുന്ന പ്രശ്നം. മാസം കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥ. ഈ അവസരത്തില്‍ സ്വയം പര്യാപ്ത ചിലയിടങ്ങളില്‍ കൈവരിക്കുതന്നെ വേണം. വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്താല്‍ വിഷരഹിതമായ ഭക്ഷണവും അതോടൊപ്പം പോക്കറ്റ് കാലിയാകാതെയിരിക്കുകയും ചെയ്യാം.

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടമാണ് ടെറസ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. വെയില്‍ ഗുണത്തോടൊപ്പം ദോഷം കൂടിയാണ്, നല്ല ശ്രദ്ധ ഈ സമയത്ത് കൃഷിയില്‍ നല്‍കണം.

വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.

ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവയാണിവ. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

രാസവളങ്ങളും കീടനാശിനികളും ഒരു കാരണവശാലുമിപ്പോള്‍ മട്ടുപ്പാവില്‍ ഉപയോഗിക്കരുത്. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാനും ടെറസിന് കേടുപാടുകളുണ്ടാകാനും കാരണമാകും. കര്‍ഷകനും ചിലപ്പോള്‍ ശാരീരിക അസ്വസ്തകളുണ്ടാകാം.

നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം. മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ വഴി നന നിയന്ത്രിക്കാം, തുള്ളി നന പോലുള്ളവ ഒരുക്കാം. എന്നാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറി നിന്നാലും പ്രശ്‌നമില്ല.പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭിക്കൂ.

ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം.വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ് ഈ സമയത്ത് ഉചിതം.ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നല്‍കുക. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുക.മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കും. ഇതിനാല്‍ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *