പടവലം വീട്ടിൽ കുട്ടൻപിള്ള ഇനി ഓർമ്മ
കെപിഎസി രാജേന്ദ്രൻ അന്തരിച്ചു.
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉള്‍പ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയില്‍ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
അൻപത് വർഷക്കാലം നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന രാജേന്ദ്രന് ഉപ്പും മുളകിൽ എത്തിയതോടെയാണ് കരിയർ ബ്രേക്ക് ലഭിച്ചത്. ഏറ്റവും വലിയ പ്രത്യേകത അതിൽ നാൽപ്പത് വർഷവും കെപിഎസിയിൽ തന്നെയായിരുന്നു എന്നതാണ്. ഇരുപത്തിയഞ്ച് വർഷത്തോളം നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം ചെയ്ത ആളുമാണ്. സീരിയലുകൾക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 50 വർഷമായി നാടകം ചെയ്തിട്ട് എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉപ്പും മുളകിലൂടെയാണ് ജനമനസിൽ ഇടം കിട്ടിയതെന്നും രാജേന്ദ്രൻ തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.ഉപ്പും മുളകിന്റെ സംവിധായകൻ ഉണ്ണികൃഷ്ണനും രാജേന്ദ്രനും വർഷങ്ങളായി പരിചയമുള്ളവരും സുഹൃത്തുക്കളുമായിരുന്നു. തൊണ്ണൂറിലാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. ഉണ്ണികൃഷ്ണനും കെപിഎസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സീരിയലിലും രാജേന്ദ്രനുണ്ടായിരുന്നു.
സ്കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു.
സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്സ്, ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്