‘കുട്ടപ്പ’ന്‍റെ കിക്ക് കണ്ട് അമ്പരന്ന് കുട്ടനാട്
ആലപ്പുഴ: അപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥ ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കാൽപന്ത് കളിക്കുന്ന പൂവൻകോഴിയെയും കൂട്ടുകാരനായ ആറാം ക്ലാസുകാരന്റെയും കൂട്ടുകെട്ട് മുൻപെങ്ങും കേട്ടുകാണാൻ ഇടയില്ല. കരുമാടി ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും കൈനകരി സ്വദേശിയുമായ മിഥുൻ ഒന്നര വർഷം മുമ്പാണ് വീട്ടിൽ ഒരു ഗിരിരാജൻ ഇനത്തിൽപ്പെട്ട പൂവൻ കോഴിയെ വാങ്ങിയത്. അവർ അതിനെ കുട്ടപ്പൻ എന്ന ഓമനപ്പേരിട്ട് വിളിച്ചു. പിന്നീട് വീട്ടിലെ ഒരംഗമായി മാറാൻ കുട്ടപ്പന് അധികനാൾ വേണ്ടി വന്നില്ല.
ആദ്യമൊക്കെ മിഥുൻ കളിക്കുമ്പോൾ കുട്ടപ്പൻ നോക്കി നിൽക്കുമായിരുന്നു. പിന്നീട് മിഥുൻ കളിക്കുമ്പോൾ പന്ത് ഇട്ട് കൊടുത്തു തുടങ്ങി. ഇടയ്ക്ക് കുട്ടപ്പനെയും കളിക്കാൻ കൂട്ടും. അങ്ങനെയാണ് കുട്ടപ്പൻ കാൽപന്ത് കളിയിൽ മിഥുനൊപ്പം ചേർന്നത്. വല്ലാത്തൊരു ആത്മബന്ധമാണ് ഇരുവരും തമ്മിൽ. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മിഥുൻ ഓടി കുട്ടപ്പന്റെ കൂട്ടിൽ പോയി വെള്ളവും ഗോതമ്പും വെയ്ക്കും. അതിന് ശേഷം മാത്രമേ മറ്റെന്തിനും മിഥുൻ പോകൂ.
ക്ലാസ്സ് കഴിഞ്ഞെത്തുമ്പോൾ കുട്ടപ്പന് കൂടി എന്തെങ്കിലും കൈയ്യിൽ കരുതും. പിന്നെ ഇരുവരും ഒന്നിച്ചു സൈക്കിളിൽ ഒരു സവാരിയും പതിവാണ്. മിഥുൻ പുറത്ത് എങ്ങോട്ടെങ്കിലും പോകാൻ സൈക്കിളെടുത്താൽ കുട്ടപ്പനും ഒപ്പം കൂടും. ഇനി ആരെങ്കിലും മിഥുനെ വഴക്കോ മറ്റോ പറഞ്ഞെന്നിരിക്കട്ടെ, അത് ചോദിക്കാൻ എത്തുക കുട്ടപ്പനായിരിക്കും. വഴക്ക് പറയുന്നവരെ കൊത്തി ഓടിക്കും. പരിചയമില്ലാത്തവർ കുട്ടപ്പന്റെ അടുത്തെത്തിയാൽ അവർക്കും കിട്ടും കണക്കിന് കൊത്ത്. “കുട്ടപ്പാ” എന്ന് മിഥുൻ ഒന്ന് ഉറക്കെ വിളിച്ചാൽ എവിടെയാണെങ്കിലും കൂവികൊണ്ടു കുട്ടപ്പൻ ഓടിയെത്തി ചിറകടിക്കും. ചുരുക്കം പറഞ്ഞാൽ വീട്ടിലും നാട്ടിലും മിഥുനും കുട്ടപ്പനുമാണ് ഇപ്പോ താരങ്ങൾ. ഇരുവരുടെയും കളിചിരികൾ കാണാൻ നിരവധി പേരാണ് എത്തുന്നത്.