കള്ളിന്റെ കടൽനടുവിൽ തുള്ളി കുടിക്കാത്ത ഒരു ഗ്രാമം: ഗോവയിൽ!
ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ
ഗോവ എന്ന് കേട്ടാൽ മദ്യാർത്തിമൂത്ത് ഭ്രാന്തായ മലയാളിക്ക് കള്ളും ഫെനിയും കടൽ പോലെ ഒഴുകുന്ന ദേശം എന്നാണ്. എന്നാൽ മനോരമായ കടൽ തീരവും നദിയും നദീമുഖവും ആരാധനാലയങ്ങളും ചരിത്രശേഷിപ്പുകളും കൊണ്ട് സമ്പന്നമായ സ്ഥലമാണെന്ന് പലരും ഓർക്കാറില്ല. രണ്ടാം നൂറ്റാണ്ടിൽ ഗോവ ഭരിച്ച കദംബ രാജവംശകാലം മുതൽ ചരിത്രമുള്ള സ്ഥലമാണെന്നും.
ഗോവയിൽ 10000 ലൈസൻസുള്ള കള്ളുകടകളുണ്ട്. അതായത് 150 വീട്ടുകാർക്ക് ഒരു ബാർ വീതം. എന്നാൽ കള്ളിന്റെ കടൽനടുവിൽ തുള്ളി കുടിക്കാത്ത ഒരു ഗ്രാമമുണ്ട് ഗോവയിൽ. കൊതാംബി ഗ്രാമക്കാർ മദ്യം കൈകൊണ്ട് തൊട്ടില്ല ഇന്നോളം . ഗ്രാമത്തിൽ മാത്രമല്ല മദ്യവർജ്ജനം അവർ ലോകത്തെ ഏത് കോണിലായാലും തുള്ളി പോലും കുടിക്കില്ല. ഈ മദ്യവ്രതം ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. കൊതാമ്പി ബിതൽ ക്ഷേത്രത്തിലെ ദൈവമാണ് ഗ്രാമക്കാരുടെ മദ്യാസക്തിയെ തടഞ്ഞു നിർത്തിയിരിക്കുന്നത്. ദൈവ ഭയത്താൽ ആരും കുടിക്കാറില്ല. മദ്യംകൊടുക്കാറില്ല. മദ്യക്കട നടത്താറുമില്ല. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഗ്രാമമാണിത്. സാവന്തും മദ്യ വിരുദ്ധനാണ്. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു ഭാഗം കുടിയന്മാരുടെ വിഹിതമായിട്ടുകൂടി തന്റെ ഗ്രാമത്തിൽ മദ്യം വേണ്ടെന്നാണ് സാമന്തിന്റെ നയം.