വാട്സ് ആപ്പ് ഗ്രൂപ്പിൽ വരുന്ന സന്ദേശങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല: മദ്രാസ് ഹൈക്കോടതി
വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളിൽ അഡ്മിൻ വിചാരണ നേരിണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രൂപ്പിൽ മറ്റൊരാൾ പോസ്റ്റു ചെയ്ത സന്ദേശത്തിന്റെ പേരിൽ ക്രിമിനൽ നടപടി നേരിട്ട അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി മധുര ബെഞ്ച്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർദയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പച്ചൈയപ്പൻ എന്നയാൾ പോസ്റ്റുചെയ്തു എന്നാരോപിച്ച് ഇതേ ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകനാണ് ഹർജി നൽകിയത്. തുടർന്ന് പച്ചൈയപ്പനും ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനുമെതിരെ കാരൂർ പോലീസ് കേസെടുക്കുകയായിരുന്നു. ഇതേ വിഷയത്തിൽ ഈ വർഷമാദ്യം ബോംബേ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഗ്രൂപ്പിൽ ആളുകളെ ചേർക്കുക , നീക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനു മാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളുവെന്നും അംഗങ്ങളുടെ സന്ദേശങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.