കംബോഡിയകാരുടെ ധീരനായ സൈനികൻ മഗാവയെന്ന എലി ഇനി ഓർമ്മകളിൽ
കംബോഡിയ ജനതയുടെ അഭിമാന ധീരനായ സൈനികൻ മഗാവയെന്ന എലി ലോകത്തോട് വിടപറഞ്ഞു. ഒരു എലിക്കെങ്ങനെ രാജ്യത്തിന്റെ സൈനിക പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയും എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ അവൻ രാജ്യത്തിനു നൽകിയ സേവനങ്ങൾ ആരെയും അഭിമാനം കൊള്ളിക്കുന്ന താണ്. ഇത് ധീരതയ്ക്കുള്ള സ്വർണമെഡൽ വരെ 2020 സെപ്റ്റംബറിൽ മഗാവയ്ക്ക് നേടിക്കൊടുത്തു.
മണ്ണിനടിയിൽ നിന്നും കുഴിബോംബുകൾ കണ്ടെത്തുക എന്നതായിരുന്നു മഗാവയുടെ ഔദ്യോഗിക ജോലി. കംബോഡിയ സൈന്യത്തിലെ അംഗമായിരുന്ന ഇതിനെ താൻസാനിയയിലുള്ള അപോപോ ചാരിറ്റി ഏജൻസിയാണ് പരിശീലിപ്പിച്ചത്. അഞ്ചുവർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ 71 കുഴിബോംബുകളും 28 യുദ്ധോപകരണങ്ങളുമാണ് കണ്ടെത്തിയത്. കഴിഞ്ഞവർഷമാണ് മഗാവ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്.
ആഫ്രിക്കൻ ഭീമൻ കംഗാരു എലിയുടെ വർഗ്ഗത്തിൽപ്പെട്ട മഗാവയെ 2014 ൽ ഒരു മുളങ്കാട്ടിൽ നിന്നാണ് ലഭിക്കുന്നത്. നാലാഴ്ച മാത്രം പ്രായമുള്ളപ്പോൾ തന്നെ വേണ്ട പരിശീലനങ്ങളും നൽകി.മാലെൻ ആയിരുന്നു പരിശീലകൻ. കൂടാതെ അവനെ ശബ്ദങ്ങളോട് പ്രതികരിക്കാനും ഗന്ധങ്ങൾ തിരിച്ചറിയാനും പരിശീലിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ ടെസ്റ്റിൽ 400 മീറ്റർ വരുന്ന പ്രദേശത്ത് ഒളിപ്പിച്ചുവെച്ച കുഴിബോംബുകൾ എല്ലാം കണ്ടെത്തി കൊണ്ട് തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
മഗാവയുടെ മരണം തീർത്താൽ തീരാത്ത നഷ്ടമാണെന്നും അവൻ ചെയ്ത അവിശ്വസനീയമായ പ്രവർത്തനത്തിന് എന്നും നന്ദി ഉള്ളവരായിരിക്കുമെന്നും ചാരിറ്റി കൂട്ടിച്ചേർത്തു.