നൊമ്പരപ്പൊട്ടുകൾ
ജിബി ദീപക്
കടലിന്റ ശബ്ദത്തിന് കാതോർക്കൂ,,,
നിസ്സഹായയായ ഒരു സ്ത്രിയുടെ
നിലവിളി കേൾക്കുന്നില്ലേ.
വരണ്ട മണ്ണിനോട് കാത് ചേർത്തുവെക്കൂ
സ്നേഹരാഹിത്യത്താൽ നീറുന്ന
അവളുടെ ഏങ്ങലടികൾ ഉയരുന്നില്ലേ,
ഏങ്ങ് നിന്നോ വന്ന് തഴുകിയകലുന്ന
ഓരോ ചെറുകാറ്റിലുമുണ്ട്
അവൾതൻ ചുടുനിശ്വാസത്തിന്റെ
കനൽ ചീറുകൾ,
മഴനൂലിഴകളിൽ നിങ്ങൾക്കവളുടെ
പതിഞ്ഞ ശബ്ദത്തിൽ തുളുമ്പുന്ന
നൊമ്പരപ്പാടുകൾ കാണാം,
മുന്നിൽ
ആർത്തലച്ച് ചെയ്യുന്ന മഴയെ നോക്കൂ,
പതിപറഞ്ഞ് കരയുന്ന അവളുടെ
ചുണ്ടുകളിൽ, നിന്നടരുന്ന
ദീന സ്വരം കേൾക്കാം
എന്നിട്ടും
നിന്നെ ഊട്ടാനും ഉറക്കാനും
നിന്നെ വിരിഞ്ഞ മാറിൽ ചേർത്ത് പിടിച്ച്
ഉള്ളിലെ നീറ്റുന്നനൊമ്പരങ്ങളെ
കല്ലറ പണിത് കുഴിച്ചുമൂടി.
അതിൽ വാടിയെതെങ്കിലും
നിറമില്ലാത്ത പൂക്കൾ തൂകി
കാത്തിരിപ്പുണ്ട് അവൾ,
അവസാന ശ്വാസത്തിന്റെ ‘
താളം പോലും നിനക്കായി
മാറ്റി വെച്ച് കൊണ്ട്.