മുഖവും കഴുത്തും ഒരുപോലെ സുന്ദരമാകാന്‍…?
മുഖം പോലെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് കഴത്ത്. മുഖം പോലെ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് കഴുത്ത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുഖം പോലെ കഴുത്തും അട്പൊളിയാക്കാമെന്നേ..പ്രായമാകുമ്പോൾ കഴുത്തിലാണ് ആദ്യം ചുളിവുകൾ വീഴുന്നത്. ക്രമേണ കഴുത്തിലെ ചർമ്മം കറുക്കുകയും ചെയ്യുന്നു.
കഴുത്തിന്റെ ആകാരഭംഗി കുട്ടാൻ വ്യായാമംഅനിവാര്യമാണ്. കഴുത്ത് ചെറുതും തടിച്ചതും ആണെങ്കിൽ തല കീഴോട്ട് ഇട്ട് കട്ടിലിൽ മലർന്ന് കിടക്കുക. പിന്നീട് തല പതിയെ മുകളിലേക്ക് ഉയർത്തുക. വീണ്ടും തല താഴോട്ട് തൂക്കിയിടുക. ഈ പ്രക്രിയ പല തവണ ആവർത്തിക്കുക.
ചുളിവുകൾ അകറ്റാൻ പതിവായി കോൾ ഡ്ക്രീമും റോസ് വാട്ടറും ചേർത്ത് കഴുത്ത് മസാജ് ചെയ്യാം. ഒലീവ് ഓയിലും മസാജിംഗിന് ഉപയോഗിക്കാം. താഴെ നിന്ന് മുകളിലേക്ക് എന്ന ക്രമത്തിൽ അകത്തു നിന്ന് പുറത്തേക്ക് എന്ന പോലെ മസാജ് ചെയ്യാം. മസാജ് ചെയ്യുമ്പോൾ അമിതമായ സമ്മർദ്ദം നൽകാൻ പാടില്ല. നടപ്പിലും ഇരിപ്പിലും ഉള്ള പ്രത്യേകതകളും കഴുത്തിൽ ചുളിവുകൾ ഉണ്ടാക്കാം. കഴുത്ത് നിവർത്തി പിടിച്ച് വേണം നടക്കാൻ. നട്ടെല്ലിന് അമിത സമ്മർദ്ദമേറ്റ് കഴുത്തിൽ വലിച്ചിലും ചുളിവുകളും ഉണ്ടാകാം. ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമാണെങ്കിൽ ഉയരം കുറഞ്ഞ തലയിണ ഉപയോഗിക്കാം.
മുഖത്തെ അപേക്ഷിച്ച് കഴുത്തിന്റെ നിറം ഇരുണ്ട് ഇരിക്കാറുണ്ട്. മുഖം ഫേഷ്യൽ ചെയ്യുന്നതിനൊപ്പം തന്നെ കഴുത്തും കൂടി ഫേഷ്യൽ ചെയ്യുക. പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ലോഷൻ കഴുത്തിലും പുരട്ടാൻ മറക്കരുത്. പതിവായി രാവിലേയും വൈകുന്നേരവും പച്ചപ്പാലോ ക്ലൻസിംഗ് ക്രീമോ കഴുത്തിൽ പുരട്ടുന്നത് നിറം വർദ്ധിപ്പിക്കും. കഴുത്ത് അമിതമായി ഇരുണ്ടാണ് ഇരിക്കുന്നതെങ്കിൽ 15 ദിവസത്തിൽ ഒരിക്കൽ ബ്ലീച്ച് ചെയ്യാം.
ചുളിവും കറുപ്പ് നിറവും അകലാൻ നെക്ക് പാക്ക് ഫലവത്താണ്. ആഴ്ചയിൽ ഒരു തവണ എന്ന ക്രമത്തിൽ പുരട്ടണം. പാക്ക് തയ്യാറാക്കുവാൻ ഒരു ടേബിൾ സ്പൂൺ മൈദ, ഒരു ടീസ്പൂൺ മിൽക് പൗഡർ, ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, അര ടീസ്പൂൺ തേൻ, അര ടീസ്പൂൺ നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞൾ എന്നിവ യോജിപ്പിക്കുക. കഴുത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകാം. അതിന് ശേഷം ഗുണനിലവാരമുള്ള മോയിസ്ചറൈസർ പുരട്ടാം.
കഴുത്തിന്റെ കുറവുകൾ മേക്കപ്പ് ചെയ്ത് ഒരു പരിധി വരെ മറയ്ക്കാനാവും. തടിച്ച കഴുത്തിന് മുൻവശത്ത് നേരിയ ഷേഡ് നൽകി വശങ്ങളിൽ ഇരുണ്ട ഷേഡിലുള്ള ഫൗണ്ടേഷൻ പുരട്ടണം.മെലിഞ്ഞ കഴുത്താണെങ്കിൽ മുഖത്തെ അപേക്ഷിച്ച് ലൈറ്റ് ഷേഡിൽ ഉള്ള ഫൗണ്ടേഷൻ ഉപയോഗിക്കണം. നീണ്ട കഴുത്താണ് എങ്കിൽ ഫൗണ്ടേഷൻ വലത്തു നിന്നും ഇടത്തോട്ട് പുരട്ടുക. കഴുത്ത് ചെറുതായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും.
തടിച്ച് കുറുകിയ കഴുത്തുള്ളവർ ‘വി’ നെക്കുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് നല്ലത്. ചെറിയ ഹെയർ സ്റ്റൈലാണ് ഇത്തരക്കാർക്ക് യോജിക്കുക. കഴുത്തിൽ ഒട്ടി കിടക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ അണിയരുത്. നീണ്ട കഴുത്തുള്ളവർ ചെറിയ നെക്കുള്ള വസ്ത്രങ്ങൾ അണിയുന്നത് പ്രയോജനപ്പെടും. മുടി നീട്ടിയിടാം. ആഭരണങ്ങൾ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. ആർട്ടിഫിഷ്യൽ ആഭരണങ്ങൾ അണിഞ്ഞ് കഴുത്തിൽ അലർജി ഉണ്ടാകാതെയും സൂക്ഷിക്കണം.