കുട്ടികളിലെ ദന്തസംരക്ഷണം

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ദന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുക എന്നിവയാണ്. പല്ല് നന്നായാല്‍ പകുതി നന്നായി. പക്ഷേ അതിനായി പല്ല് മുളക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ച് തുടങ്ങണം.


പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിന്റെ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടപ്പിച്ചെടുക്കുകയും വേണം. ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ തനിയെ വായ്‌ കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ്‌ കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത്‌ ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം. കുട്ടികളുടെ ടൂത്ത്‌ ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌ മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ല്തേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും.


പല്ല് തേയ്ക്കാന്‍ ദശനകാന്തി ചൂര്‍ണ്ണം, പഴുത്ത മാവില ഇവ നല്ലതാണ്. പല്ലിന് ബലക്കുറവ്, ഇളക്കം, അണുബാധ ഇവ തടയാന്‍ ഉപ്പുവെള്ളം, പഴുത്ത മാവില കഷായം, അരിമേദണ്ഡ തൈലം ഇവ കവിള്‍ കൊള്ളുന്നത് നല്ലതാണ്. കറുത്ത എള്ള് ചവച്ചരച്ച് കഴിക്കുന്നത് പല്ലിനെ ബലപ്പെടുത്തും.

ദന്താരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പോഷകസമ്പുഷ്ടമായ ആഹാരമാണ്. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കള്‍ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്തും ആരോഗ്യത്തോടെയും ഉള്ള ദാന്തോത്പത്തിക്കും വളര്‍ച്ചയ്ക്കും ഇതാത്യാവശ്യമാണ്.രണ്ടുനേരം പല്ല് തേപ്പിക്കുക, ഉപ്പുവെള്ളം കവിള്‍ കൊള്ളുക, പല്ലിലെ പോടുകള്‍ മോണപഴുപ്പ്‌ ഇവ ഉടന്‍ ചികിത്സിച്ച് മാറ്റുക എന്നതാണ് പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!