ചരമക്കുറിപ്പ്

സുമംഗല സാരംഗി

അവൾ മരിച്ചു ,
വൈദ്യശാസ്ത്രം വിധിയെഴുതി.
മരണ വാർത്ത അറിഞ്ഞപ്പോഴാണ്
അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള കാര്യവും മറ്റാർക്കും അറിയില്ലല്ലോ..!)
മരണം ലോകരെ അറിയിക്കുവാനായി ഭർത്താവ് അവളുടെ ഒരു ഫോട്ടോക്കു വേണ്ടി വീടുമുഴുവൻ തിരഞ്ഞു. എന്നാൽ
അങ്ങനെയൊന്ന് ആ വീട്ടിലൊരിടത്തും അവശേഷിച്ചിരുന്നില്ല.
ഒരു ഫോട്ടോ എടുക്കണമെന്നവൾ പല പ്രാവശ്യം പറഞ്ഞിരുന്നതും , മറ്റു പലതിനേയും പോലെ ആ ആവശ്യവും താൻ നിരാകരിച്ചിട്ടുണ്ടെന്നുള്ളതും ആ നിമിഷത്തിൽ അയാൾ ഓർമ്മിച്ചു. (വീടിനുള്ളിൽ എപ്പോഴും അവളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാലാകാം )
ഇങ്ങനെ ഒരുനിമിഷം ജീവിതത്തിൽ
അഭിമുഖീകരിക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.!
മക്കളെ നന്നായി വളർത്തി, അവർക്ക് പറന്നുയരാനുള്ളആകാശമൊരുക്കിക്കൊടുത്തപ്പോൾ ,
അവരെ പിൻപറ്റി ,പറക്കാനുള്ള തന്റെ ആഗ്രഹങ്ങളുടെ ചിറകരിഞ്ഞു കളഞ്ഞതൊന്നും അവളെ തളർത്തിയില്ല.
വിലമതിക്കാത്ത പരിഭവങ്ങൾക്കും പരാതികൾക്കും എന്തു പ്രസക്തി !
ഭർത്താവിനേയും വിദേശത്ത് ജോലി ചെയ്യുന്ന മക്കളേയും സംബന്ധിച്ച് വീട്ടിലെ സർവ്വസാധാരണ വസ്തുക്കളുടെ കൂട്ടത്തിൽ ഒന്നായിരുന്നു അവളും.
അടുക്കളച്ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ മാത്രം അടുപ്പുകല്ലുകളോടവൾ തന്റെ വേദന പങ്കിട്ടു. അടുക്കള ഉപകരണങ്ങൾ സന്തത സഹചാരികളായി. ഘടികാരസൂചിയുടെ കറക്കത്തിനൊപ്പം അവളും ചലിച്ചു കൊണ്ടേയിരുന്നു.
മനസ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന,
കനൽ പോലെ ജ്വലിച്ചിരുന്ന സ്വപ്നങ്ങളെ നെഞ്ചത്തടുക്കി ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം മുകളിലൊരു കല്ലുവച്ചു.
ഏറെക്കാലമായി ചുമന്നു നടന്ന , അവയുടെ ഭാരത്താലാകാം ഒരു ദിവസം
അവൾ ഹൃദയം പൊട്ടി മരിച്ചത്….!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!