കുലസ്ത്രീ

രമ്യ മേനോന്‍

നീ വരച്ച വരയ്ക്കകത്ത്
സീതയായ്ക്കഴിയുവാൻ
ഉരുകിയുരുകി ഞാനിതെത്ര
നാളുതള്ളി നീക്കണം.

നീ വിരിച്ച വഴിയിലൂടെ
ഏകയായ് നടന്നിടാൻ
എത്ര പാദുകങ്ങൾ തീർത്ത്
കണ്ണുനീർ പൊഴിക്കണം.

നിനക്കു വേണ്ടി മാത്രമായി
ഒന്നുപുഞ്ചിരിക്കുവാൻ
ഉള്ളിലെത്ര സങ്കടത്തിൻ
കടലുമൂടി വെക്കണം.

നിനക്കുവേണ്ടി ഉണരണം
നിനക്കുമാത്രമുരുകണം
എന്റെയുള്ളിലുള്ള ഞാനു-
മത്രമേൽ മരിക്കണം.

കിനാക്കളെത്ര കണ്ടു ഞാനി-
ജ്ജീവിതം തുടരിലും
നിനക്കുവേണ്ടി ചുടലതീർത്ത്
അവയെരിച്ചു തീർക്കണം.

പട്ടുമെത്ത വിരിച്ചതിൽ
നിനക്ക് സ്നേഹമുണ്ണുവാൻ
സദാചിരിച്ച മുഖവുമായ്
ഭൂമിയിൽ പുലരണം.

സ്വയം ശപിച്ചു ഹോമകുണ്ഠ-
മതിൽക്കിടന്നുവേവിലും
ഇരുട്ടതിൽക്കിടന്നു
വെറുമൊരടിമയായ് മരിക്കിലും..

ഒട്ടുമാത്രമുള്ളിലാശ
ബാക്കിയില്ല ലോകമേ
നീ കുറിച്ചുവെച്ചയീ-
മനുസ്മൃതിയിലലിയുവാൻ.

നിർവികാര ജീവിയായി
സ്ത്രീകളെത്തളയ്ക്കുവാൻ
കുലസ്ത്രീയായന്നെ വാഴ്ത്തിയൊടുവിൽ
നീ കൃതാർത്ഥനാകുവാൻ.

Leave a Reply

Your email address will not be published. Required fields are marked *