ഒറ്റമുറിയിലെ വാസം
കവിത ദീപകുമാർ
ഒറ്റ മുറിയിലൊതുങ്ങി നില്ക്കുന്നിതാ
നോവുകൾ തിങ്ങുമീ ജീവിതം
നാലാൾ ചുമന്നുമടുക്കുന്നു
ഏകാന്തമാമീയുമ്മറക്കോലായിൽ.
ഒന്നുരിയാടാൻ കൊതിക്കുമീമാനസം
ഒരുപിടിയവിലുമായന്നം കഴിക്കുന്നു!
ദിനരാത്രങ്ങളോ ഒച്ചിഴയും പോലെ
കഠിനമായ്പ്പോകുന്ന നാളുകളും
അന്തി ചെമന്നാലും പാതിരാവായാലും
എള്ളിടപോലുമനക്കമില്ല!
നേരം വെളുക്കുന്നു കാകൻ കരയുന്നു
ദാഹമകറ്റാൻ കുടിനീർലഭിച്ചെങ്കൽ.
വസന്തകാലത്തിലെല്ലാർക്കുമായി
താങ്ങും തണലുമായി നിന്നതല്ലേ.
ശാഠ്യങ്ങൾ കൊണ്ടുവലച്ചൊരാ പുത്രനും
നിർദ്ദോഷിയായൊരു പാതിമെയ്യായവൾ
കനലുകൾ പാകിയ ജീവിതപാതയിൽ
ഒത്തുചേർന്നങ്ങനെ ജീവിക്കവേ,
വിധിഹിതംപോലെ യമകിങ്കരൻ വന്ന്
പാതിമെയ്യെയങ്ങ് കൊണ്ടുപോയി!
ഏകാന്തവാസം ചമച്ചു കൊടുത്തിതാ
പുത്രനും കൈവിട്ടകന്നുപോയി,
എത്രയോ കാലമായൊറ്റമുറിയിലായ്
ദുരിതമാംകാലങ്ങൾ പിന്നിടുന്നു,
ആരും തുണയില്ലാതിരുൾതിങ്ങുമീ
ജീവിതമെത്രയോ ഹോമിക്കുന്നു.
കാലനുപോലുംവേണ്ടാതായെന്നു –
ള്ളോർമ്മയിൽ,വിങ്ങിക്കരഞ്ഞിടുന്നു
മനസിൻ്റെ ആധിയും വാരിപ്പിടിച്ചിതാ, സന്ധ്യയിലേക്കു ഞാനാഴ്ന്നിടുന്നു.