പോസ്റ്റ് കോവിഡും ആയുര്‍വേദവും
ഡോ. അനുപ്രീയ ലതീഷ്
കോവിഡ് നെഗറ്റീവ് ആയതിനുശേഷം ശ്വാസംമുട്ടല്‍,ചുമ,നെഞ്ചുവേദന, വരണ്ട ചുമ, നെഞ്ചിടിപ്പ്, കിതപ്പ്,തലവേദന, എന്നിവ ചിലരില്‍ കാണാറുണ്ട്. അതിന് കാരണം കോവിഡ് നമ്മുടെ ശരീരത്തിലെ പല ആന്തരീക അവയവങ്ങളെയും ശരീരവ്യവസ്ഥയേയും ബാധിച്ചിരുന്നു എന്നതുകൊണ്ടാണ്. ഇവപല ലക്ഷണങ്ങളായി ശരീരത്തില്‍ കാണുന്നു. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ചിലര്‍ക്ക് ഇവ ഒരുമാസത്തിനുള്ളില്‍ തന്നെ മാറിപോകുന്നു.
മറ്റ്ചിലര്‍ക്കാകട്ടെ ഒരുമാസത്തിന് മുകളിലും ഇവ നിലനില്‍ക്കുന്നതായി കാണുന്നു . ശ്വസന വ്യവസ്ഥയും ആയി ബന്ധപ്പെട്ട് ചിലര്‍ക്ക് ശ്വാസംമുട്ടല്‍, നെഞ്ചുവേദന, വരണ്ട ചുമ, നെഞ്ചിടിപ്പ്, കിതപ്പ്, നീണ്ടു നില്‍ക്കുന്ന ചുമയും കണ്ടുവരുന്നു.കോവിഡ് വന്ന സമയത്ത് മണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് അത് നീണ്ട് നില്‍ക്കുന്നതായ് കണ്ടു വരുന്നു. വിശപ്പില്ലായ്മ, ശരീരവേദന, അതിഭയങ്കരമായ ക്ഷീണം, പുളിച്ചു തികട്ടിവരുക, വയറു വീര്‍പ്പ്, വിട്ടുമാറാത്ത തലവേദന കൂടി കണ്ടുവരുന്നു.
ഈ അസുഖങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ലക്ഷണങ്ങള്‍ അനുസരിച്ച് ഉള്ള ചികിത്സ ഉണ്ട്. തുളസി, ചുക്ക്, കുരുമുളക് മുതലായവ ചേര്‍ത്ത് കാപ്പി ഉണ്ടാക്കി കഴിക്കാം. അതുപോലെ ഷഡംഗം പാനീയം ഉണ്ടാക്കി കുടിക്കാം. ചുമ ശ്വാസതടസം മുതലായവക്ക് വൈദ്യനിര്‍ദേശം അനുസരിച്ച് വില്വാദി ലേഹ്യം, ദശമൂല രസായനം എന്നിവ സേവിക്കാവുന്നതാണ്. ഭക്ഷണത്തില്‍ ഇലക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തുക, നെല്ലിക്ക, നാരങ്ങ മുതലായവ കഴിക്കുക. കഫക്കെട്ട്, തലവേദന മുതലായവക്ക് നസ്യം എന്ന പഞ്ചകര്‍മ്മ ചികിത്സ വളരെ ഫലപ്രദമായ് കണ്ടുവരുന്നു.
ശ്വാസം എടുക്കാന്‍ പ്രയാസം കണ്ടുവരുന്നവരില്‍ പ്രാണായാമം മുതലായ യോഗയില്‍ നിര്‍ദ്ദേശിക്കുന്ന ക്രിയകള്‍ ശീലം ആകാം. ദഹനക്രിയകള്‍ ക്രമപ്പെടുത്താന്‍ വൈശ്വാനര ചൂര്‍ണ്ണം, ത്രിഫലചൂര്‍ണ്ണം മുതലായവ സേവിക്കാവുന്നതാണ്. ലക്ഷണം ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ഒരു ആയുര്‍വ്വേദ വൈദ്യനെ കണ്ടു മാത്രം മരുന്നുകള്‍ കഴിക്കുക