ഇന്ത്യന്‍ പിക്കാസോ എം.എഫ് ഹുസൈന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു വ്യാഴവട്ടം
ഇന്ത്യൻ ചിത്രകലയുടെ പിക്കാസോയെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിച്ച എം.എഫ് ഹുസൈന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു വ്യാഴവട്ടം. സിനിമ പോസ്റ്റർ രചയിതാവെന്ന നിലയിൽ നിന്ന് വളർന്ന് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇന്ത്യൻ ചിത്രകാരനായി വളർന്ന മഖ്‌ബൂൽ ഫിദാ ഹുസൈൻ എന്ന എം.എഫ് ഹുസൈൻ. മഹാരാഷ്ട്രയിലെ പന്ഥർപുറിൽ 1915 സപ്തംബർ 17ന് ജനിച്ച ഹുസൈനെ പ്രശസ്തനാക്കിയത് 1952ൽ സൂറിച്ചിൽ നടന്ന പ്രദർശനമായിരുന്നു. ഏതാനും വർഷങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് യു.എസ്സിലും യൂറോപ്പിലും വൻ സ്വീകാര്യത ലഭിച്ചു. മദർ തെരേസാ പരമ്പരയും ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രപരമ്പരകളും 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവർചിത്രവും ആസ്വാദകരുടെ മനംകവർന്നു. പിന്നീട് ഹുസൈൻ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായി മാറി. ക്രിസ്റ്റിലേലത്തിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം എട്ടുകോടി രൂപയ്ക്കാണ് വിറ്റുപോയത്.
’55ൽ പദ്മശ്രീയും ’67ൽ പദ്മഭൂഷണും ’91ൽ പദ്മ വിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ’86ൽ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു ഹുസൈന് കേരള സർക്കാർ രാജാരവിവർമ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും എതിർപ്പുമൂലം അതു സമ്മാനിക്കാനായില്ല. ജോർദാനിലെ അമ്മാനിലുള്ള റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ ലോകത്തെ സ്വാധീനിച്ച 500 മുസ്ലിങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്.
ചിത്രത്തെപ്പോലെ ചലച്ചിത്രത്തെയും ഇഷ്ടപ്പെട്ട ഹുസൈൻ 1967ൽ നിർമിച്ച ആദ്യ ചലച്ചിത്രം ‘ത്രൂ ദ ഐസ് ഓഫ് എ പെയ്ന്ററി’ലൂടെ ബെർലിൻ ചലച്ചിത്രോത്സവത്തിലെ ഗോൾഡൻ ബെയർ പുരസ്കാരം നേടി. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ആരാധകനായ ഹുസൈൻ അവരെ നായികയാക്കി ‘ഗജഗാമിനി’ എന്ന സിനിമ സംവിധാനം ചെയ്തു. മാധുരിയെ വിഷയമാക്കി ഫിദ എന്ന പേരിൽ ഒരു ചിത്രശൃംഖല തന്നെ രചിച്ചിട്ടുണ്ട്. തബുവിനെ നായികയാക്കി മീനാക്ഷി: ദ ടെയ്ൽ ഓഫ് ത്രീ സിറ്റീസ് (മീനാക്ഷി – മൂന്നു നഗരങ്ങളുടെ കഥ) എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും മുസ്ലിം സംഘടനകളുടെ എതിർപ്പുകാരണം പിൻവലിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ആത്മകഥ ‘ദ മെയ്ക്കിങ് ഓഫ് ദ പെയ്ന്റർ’ എന്ന പേരിൽ ചലച്ചിത്രമായിട്ടുണ്ട്.
ഹുസൈന് 1971ൽ സാവോപോളോയിൽ ചിത്രപ്രദർശനത്തിൽ സാക്ഷാൽ പാബ്ലോ പിക്കാസോയ്ക്കൊപ്പം പ്രത്യേകക്ഷണിതാവായി പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നത് വിവാദങ്ങളുടെ പേരിലായിരുന്നു. ഹിന്ദുദേവതമാരുടെ നഗ്നചിത്രങ്ങൾ അദ്ദേഹത്തെ ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാക്കി. കേസുകളും പ്രതിഷേധങ്ങളും തുടർക്കഥയായപ്പോൾ ഹുസൈൻ 2006ൽ ഇന്ത്യവിട്ടു ലണ്ടനിലേക്ക് പോയി. സ്വയം പ്രഖ്യാപിതപ്രവാസത്തിലായിരുന്ന അദ്ദേഹം കുറച്ചുകാലം ദുബായിലും താമസിച്ചു. വിവാദങ്ങളും കേസുകളും വിടാതെ പിന്തുടർന്നപ്പോൾ 2006ൽ ഇന്ത്യ വിട്ട അദ്ദേഹം ഖത്തർ പൗരത്വം സ്വീകരിച്ചു. 2010ൽ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച് ഇനിയൊരിക്കലും ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. 2011 ജൂൺ 9-ന് ലണ്ടനിൽ വെച്ചായിരുന്നു അന്ത്യം.
വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍