സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് വിട

പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ അദ്ദേഹത്തിനെ കണ്ടെത്തുകയായിരുന്നു. 7 നോവലുകളും 2 കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.


പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963-ലാണ് സതീഷ് ബാബു പയ്യന്നൂർ ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധരചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ കാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസറഗോഡ് നിന്നും പുറത്തിറങ്ങിയിരുന്ന ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന സതീഷ് ബാബു പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം,ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും മണ്ണ്,ദൈവപ്പുര,മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ, തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. ‘പേരമരം’ എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായി.


കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള ഭാരത് ഭവൻറെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992-ൽ പുറത്തിറങ്ങിയ ‘നക്ഷത്രക്കൂടാരം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ അദ്ദേഹം ‘ഓ ഫാബി’ എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

സതീഷ് ബാബുവും ഭാര്യയുമായിരുന്നു മാതൃഭൂമി റോഡിന് സമീപമുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നതിനാൽ സതീഷ് ബാബു വീട്ടിൽ തനിച്ചായിരുന്നു. രാവിലെ മുതൽ ഇദ്ദേഹത്തെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോളാണ് സതീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പുറത്തുനിന്ന് അതിക്രമിച്ച് കടന്നതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.ആറുമണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫ്ലാറ്റിലെ മുറിക്കുള്ളിൽ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!