കേൾവി
കഥ: ഷാജി ഇടപ്പള്ളി
മോന് ചെവി കേട്ടു കൂടേ..?
എത്ര നേരമായി വിളിക്കണ്
ഞാൻ കേട്ടില്ലാല്ലോ, എന്താണ് ?
പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ വിളിച്ചു
കേട്ട ഭാവം നടിച്ചില്ല
ഇന്നാ ചായ കുടിക്ക് ,
കപ്പ് നേരെ നീട്ടിയപ്പോൾ മുഖത്ത് നീരസം വരച്ചുവെച്ചതു പോലെയുണ്ട്.
പിന്നെ , പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴും വിളിച്ചു.
അതും കേട്ടില്ല.
ഒരു സംശയം ചോദിച്ചോട്ടെ
ശരിക്കും ചെവി കേൾക്കാത്തതാണോ ..?
അതോ , അവള് അവിടെ കിടന്ന് വിളിച്ചോട്ടെയെന്ന് കരുതി കേട്ടിട്ടും മിണ്ടാതിരുന്നതാണോ?
സത്യം , ഞാൻ ശ്രദ്ധിച്ചില്ലാർന്നു.
എന്തായിരുന്നു ..
ഓ , ഇനി പറഞ്ഞിട്ടെന്തു കാര്യം
ചായ കുടിച്ച കപ്പും വാങ്ങി അടുക്കളയിലേക്ക് അവൾ പോയി
എന്നിട്ട് ,
മോൻ്റെ അമ്മക്കും അവസാനമായപ്പോൾ ഇതുപോലെ ചെവി കേൾക്കാണ്ടായി തുടങ്ങിയിരുന്നു
സൂക്ഷിച്ചോളു
എന്നാലും രാവിലെ ഇത്രേം വേണോ?
ഞാൻ വേറെ ഒന്നും കരുതി പറഞ്ഞതല്ലാട്ടോ
ശരി ,ശരി
അപ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടെന്ന് മനസിലായി.
പക്ഷെ ,ഒച്ച കേൾക്കാത്തതു പോലെ ..
മോള് വന്ന് ഫോൺ സൈലൻറ് മോഡ് മാറ്റിയപ്പോൾ ചിരിച്ചു കൊണ്ട് ഭാര്യ പുട്ട് കുത്തുന്നുണ്ടായിരുന്നു.