വാര്‍ധക്യം: ചര്‍മ്മം എങ്ങനെ സംരക്ഷിക്കാം
വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്റെ പരിപാലനത്തിലും ശ്രദ്ധയാവശ്യമാണ്.
വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്.
ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്. അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചൂടുള്ള സൂര്യപ്രകാശം തട്ടുന്തോറും വൃദ്ധരുടെ ചര്‍മത്തിന്റെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ അധികമാകാനും ഇടയുള്ളതിനാല്‍ കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പരുത്തി വസ്ത്രം മാത്രം ഉപയോഗിക്കുക.