കേരളത്തിന്റെ സ്വന്തം ഗൗരി
ജിബി ദീപക് (എഴുത്തുകാരി )
കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്. ഗൗരിയമ്മയ്ക്ക് ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്‍ഘവും, സംഭവബഹുലവുമായ ഒരു കര്‍മ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം.
1948 മുതല്‍ 2011 വരെ തുടര്‍ച്ചയായി നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. 102-ാം വയസ്സില്‍ മരിക്കും വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അമരത്തു തുടര്‍ന്ന ഒരു രാഷ്ട്രീയ നേതാവും ലോകത്തുതന്നെ കാണുകയില്ല.
പല കാലഘട്ടങ്ങളിലായി ദീര്‍ഘകാലത്തെ യാതനാപൂര്‍ണ്ണമായ ജയില്‍ വാസവും, ശാരീരിക മാനസിക പിഢനങ്ങളും ഗൗരിയമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എതിര്‍പ്പുകളുടെ തീജ്വാലയ്ക്കു മുമ്പിലും അചഞ്ചലമായി നില്‍ക്കാനുള്ള ധീരതയും തന്റെ വിശ്വാസങ്ങള്‍ക്കായി അവസാനം വരെ മുഖം നോക്കാതെ തളരാതെ നിന്നു പൊരുതുവാനുള്ള കരളുറപ്പും ഗൗരിയമ്മയുടെ പ്രത്യേക സ്വഭാവമുദ്രകളാണ്.
ഭൂപരിഷ്കരണ നിയമം, പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മീഷന് നിയമം, കുടികിടപ്പുകാരെയും, പാട്ടക്കാരെയും, ഒഴിപ്പിക്കലിനെതിരെ ധനനിയമം, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെ കേരളീയ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശില്പി ഗൗരിയമ്മയായിരുന്നു.
മന്ത്രിയായി റവന്യു, ഭക്ഷ്യം, വ്യവസായം, നിയമം-നീതിന്യായം, വിജിലന്‍സ്, സാമൂഹ്യവികസനം, ജലസേചനം, കൃഷി, കയര്‍, മില്‍മ, മൃഗസംരക്ഷണം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള വകുപ്പുകള്‍ പ്രതിപക്ഷത്തിന്റെപോലും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
പുന്നപ്ര വയലാറിന്റെ തീച്ചൂളയായി മാറിയ ചേര്‍ത്തലയിലെ തിളച്ചുമറിഞ്ഞ മണ്ണില്‍ നിന്നാണ് കെ.ആര്. ഗൗരിയെന്ന അഗ്നിപുത്രിയെ കേരളത്തിനു ലഭിച്ചത്. 1946 മുതല്‍ പൊതുരംഗത്തും, രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഗൗരിയമ്മയ്ക്ക് അഴിമതിയുടെ കറ ഒട്ടും പുരളാത്ത വ്യക്തിത്വമാണുള്ളത്. സ്ത്രീ ശാക്തീകരണത്തിനുള്ള പോരാട്ടത്തില്‍ ഗൗരിയമ്മ എന്നും മുന്‍നിരയിലായിരുന്നു. കേരള ജനതയുടെയുള്ളില്‍ സംശുദ്ധവും, ചടുലവും, ജീവസ്സുറ്റതുമായ ഒരു പ്രതിഛായയാണ് ഗൗരിയമ്മയുടെതായിട്ടുള്ളത്.
1957-ലെ മന്ത്രിസഭ കഴിഞ്ഞ് വന്ന തെരഞ്ഞെടുപ്പില്‍ ടി.വി. തോമസ് തോറ്റു. വരുമാനം ഇല്ലാതായി. ഗൗരിയമ്മയുടെ വരുമാനംകൊണ്ട് ജീവിക്കണമായിരുന്നു. ചിലവിന് പണം കണ്ടെത്താന്‍ അന്ന് ഗൗരിയമ്മ പച്ചക്കറി കൃഷി ചെയ്തു. പശുവിനെ വളര്‍ത്തി പാല് വിറ്റു. ആ ഇരുണ്ട വഴിയിലൂടെ ചങ്കൂറ്റത്തോടെ നടന്ന ഗൗരിയമ്മയെ കാലംപോലും അതിശയത്തോടെ നോക്കിനിന്നു.
ഗൗരിയമ്മയെപ്പോലെ കരുത്തുറ്റ ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്നാണ് മുന്‍ ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ് തന്റെ സര്‍വ്വീസ് അനുഭവങ്ങള്‍ നിരത്തി പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിന്നും സിപിഎമ്മിലേയ്ക്ക് ചങ്കൂറ്റത്തോടെ കാലെടുത്തുവച്ച ഗൗരിയമ്മയ്ക്ക് അതിനായി ജീവിതപങ്കാളിയെയാണ് കൈവെടിയേണ്ടി വന്നത്. സ്ത്രീക്ക് സ്വന്തം മുഖവും, വ്യക്തിത്വവും ഉണ്ടെന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണ് ഗൗരിയമ്മ.
കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും എന്നായിരുന്നു ഒരു കാലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇ.എം.എസ്, എ.കെ.ജി, കെ.ആര്. ഗൗരി, സുന്ദരയ്യ സിന്ദാബാദ് എന്നായിരുന്നു കേരളജനത കേട്ടുവളര്‍ന്ന മറ്റൊരു മുദ്രാവാക്യം.
ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ.എ. രാമന്, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠ സഹോദരന് സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചു. 1957 ല്‍ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിന്റെ സപത്നിയായി മാറി. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ.
ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം ഇരുന്ന നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റെക്കോര്‍ഡുകള്‍ ഇവരുടെ പേരിലുണ്ട്. കെ.ആര്. ഗൗരിയമ്മയുടെ ആത്മകഥ 2010-ല്‍ സാഹിത്യലോകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ഗൗരിയമ്മ പകരം വെക്കാനാവാത്ത നേതൃത്വപദവി കരസ്ഥമാക്കിയ നേതാവാണ്.
കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഗൗരിയമ്മയുടെ പ്രവര്‍ത്തന വഴികള്‍ മാതൃകയാക്കണം.
ധന്യമായ ജീവിതത്തിനുടമയായി ജന്മശതാബ്ദിയുടെ നറുവെട്ടത്തില്‍ തിളങ്ങി നില്‍ക്കെ തന്നെയാണ് ധന്യമായ ആ മഹത് ജീവിതം പൂര്‍ണ്ണമാവുന്നത്. രാഷ്ട്രീയ കേരളത്തിന്റെ തറവാട്ടമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.