ഹൃദയഗാനങ്ങളുടെ രചയിതാവിന് എണ്‍പത്തിമൂന്നാം പിറന്നാള്‍
ഇന്നും നമ്മൾ മൂളിനടക്കുന്ന പരശ്ശതം സുന്ദരഗാനങ്ങൾ രചിച്ച തലമുറകളുടെ പ്രണയ ചിന്തകൾക്ക് നിറം പകർന്ന പാട്ടെഴുത്തുകാരനാണ് ഹരിപ്പാട് കരിമ്പാലേത്ത് പദ്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി. കവി, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്ക്സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രണയ ഗാനങ്ങളെഴുതുന്നതിൽ അസാമാന്യ വൈഭവം പുലർത്തിപ്പോരുന്ന ഹ്യദയഗീതങ്ങളുടെ കവി എന്നറിയപ്പെട്ട അദ്ദേഹം 78 സിനിമകൾക്ക് തിരക്കഥയെഴുതി. 39 സിനിമകൾ സംവിധാനം ചെയ്തു. 22 സിനിമകളും 6 ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു 4 കവിതാ സമാഹരങ്ങളും 2 നോവലുകളും രചിച്ചു. ജീവിതത്തിൽ ഒഴുകിപ്പരന്ന പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് 18–ാം വയസ്സിൽ മംഗളം നേരുന്നു ഞാൻ….. എന്ന ആദ്യ പ്രണയഗാനം എഴുതി. വർഷങ്ങൾ നീണ്ട സംഗീതപ്രയാണത്തിൽ മലയാളത്തിനു ലഭിച്ചത് എണ്ണമറ്റവിധം അനശ്വരഗാനങ്ങൾ. പ്രണയ, വിരഹ ഗാനങ്ങൾക്കു പുറമേ ഉത്സവഗാനങ്ങളും എഴുതി ആസ്വാദക ഹൃദയങ്ങളെ കോൾമയിർ കൊള്ളിക്കാൻ ആ അദ്ദേഹത്തിന് സാധിച്ചു.
1940 മാർച്ച് 16-ന് ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖ ആയ കരിമ്പാലേത്ത് തറവാട്ടിൽ കളരിക്കൽ പി.കൃഷ്ണ പിള്ളയുടെയും കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും മകനായി ജനിച്ചു. പ്രശസ്ത നോവലിസ്റ്റ് പരേതനായ പി.വി. തമ്പി (പി. വാസുദേവൻ തമ്പി), പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസുമായിരുന്ന പരേതനായ പി.ജി. തമ്പി (പി. ഗോപാലകൃഷ്ണൻ തമ്പി) എന്നിവർ ജ്യേഷ്ഠന്മാരായിരുന്നു.
1966-ൽ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ചു. തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാള സിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. ഗാനം, മോഹിനിയാട്ടം എന്നിവ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവയാണ്.
ശ്രീകുമാരൻ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ ‘ഹൃദയസരസ്സ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയൻ, മമ്മൂട്ടി, മോഹൻലാൽ മുതലായ താരങ്ങൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിക്കാനുള്ള അവസരമൊരുക്കിയതും നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതും ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.
വിവരങ്ങള്‍ക്ക്കടപ്പാട് വിവിധമാധ്യമങ്ങള്‍