രാമായണത്തിലൂടെ ‘ഭാര്യയുടെ ധർമ്മം’

ലേഖനം: സുമംഗല എസ്‌


തുളസീദാസിന്റെ രാമചരിതമാനസത്തിൽ, ഒരു ഭാര്യയുടെ ധർമ്മമെന്താണെന്ന് അത്രിമഹർഷിയുടെ പത്നി അനസൂയയെക്കൊണ്ട് സീതയോട് പറയിപ്പിയ്ക്കുന്നുണ്ട്.

അതിങ്ങനെയാണ് ,”അല്ലയോ പുത്രീ … പിതാവ്, മാതാവ്, സഹോദരൻ എന്നിവരെല്ലാം ജീവിതത്തിൽ നമുക്ക് ഒരളവുവരെ സഹായം നൽകുന്നതാണ്. എന്നാൽ ഒരു സ്ത്രീയ്ക്ക് എന്നും സർവ്വാനുഗ്രഹമായിരിക്കേണ്ടത് അവളുടെ കാന്തനാണ്. ആരാണോ സ്വഭർത്താവിനെ സേവ ചെയ്യുന്നവൾ , അവൾ ധർമ്മചാരിണിയാണ്. ഒരുവന്റെ വ്യസനദശയിൽ മാത്രമാണ് ഒരു നാരിയുടെ ധൈര്യവും ധാർമ്മികതയും മൈത്രിയും ഭർത്താവിന് മനസ്സിലാകുന്നത്. ഈ വിഷയങ്ങളിലെല്ലാം സ്ത്രീ പരീക്ഷയ്ക്ക്‌ വിധേയയാകുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ ഭർത്താവിന് തുണയായി ഭാര്യ മാത്രമേയുള്ളൂ. ഈ ദയനീയ അവസ്ഥയിൽ ഭർത്താവിനെ തള്ളിക്കളയാതെ അനുകമ്പയോടെ അടുത്തിരുന്ന് ആശ്വസിപ്പിയ്ക്കുവാൻ ഒരു പത്നി എപ്പോഴും വിധേയയായിരിക്കണം. അപ്രകാരമുള്ള ഒരു സ്ത്രീയിൽ നിന്ന് അവ ലഭിയ്ക്കണമെങ്കിൽ തനിയ്ക്ക് ഭർത്താവല്ലാതെ വേറൊരു ബന്ധു ഇല്ല എന്നവൾ പൂർണ്ണമായി വിശ്വസിയ്ക്കണം. “

ഈ വാക്കുകൾ ജീവിതത്തിലുടനീളം സീത പാലിയ്ക്കുന്നതായി പല സന്ദർഭങ്ങളിലും മനസ്സിലാക്കാവുന്നതാണ്.
സീതയുടെ ഉള്ളിൽ ദ്വന്ദ്വങ്ങളില്ല , സംഘർഷങ്ങളില്ല . അവളുടെ നിശ്ചയം സുദൃഢമാണ്. രാമൻ വനവാസത്തിന് പോകാൻ തയ്യാറാകുന്ന സമയത്തും ഒപ്പം പോകാൻ ശാഠ്യം പിടിയ്ക്കുന്നത് , പതിയോടുള്ള ധർമ്മം എല്ലാം സമർപ്പിച്ചുള്ള ആരാധനയായി , പൂജയായി, അവകാശമായി, നിയോഗമായി ,ബാധ്യതയായി ഒക്കെ കരുതിയതു കൊണ്ടു മാത്രമാണ്.

      രാമായണം ത്രേതായുഗത്തിലാണ് സംഭവിയ്കുന്നത്. ദ്വാപരയുഗവും കടന്ന് കലിയുഗത്തിലെത്തിനിൽക്കുമ്പോഴും ധർമ്മ ചിന്തകൾ വ്യത്യസ്തമാകുന്നില്ല. എന്നിരുന്നാലും അവയുടെ മൂല്യങ്ങൾക്ക് ച്യുതി സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്....!
       പലവിധ കാരണങ്ങളാലും വിവാഹമോചനങ്ങൾ സർവ്വസാധാരണമായിരിയ്ക്കുന്നു. ആർക്കും പരസ്പരം ക്ഷമിയ്ക്കാനും സഹിയ്ക്കാനും കഴിയാതായിരിയ്ക്കുന്നു. പഴയ കാലങ്ങളിൽ പുരുഷൻ അദ്ധ്വാനിച്ച് കുടുംബം പോറ്റുമ്പോൾ , സ്ത്രീകൾ വീട്ടുകാര്യങ്ങളും കുട്ടികളുടെയും ഭർത്താവിന്റെ മാതാപിതാക്കളുടേയും   കാര്യങ്ങളും മറ്റും നോക്കി നടത്തിയിരുന്നു. പുരുഷന്റേയും സ്ത്രീയുടെയും ശരീരങ്ങളും ജൈവശാസ്ത്രപരമായി അതിനനുയോജ്യമായ രീതിയിലാണ് സൃഷ്ടിച്ചിട്ടുള്ളതും . അവരവർക്ക് മാത്രം നിർവ്വഹിക്കാൻ കഴിയുന്ന പ്രത്യേകതക ളോടെ....! അന്ന്  കൂടുതലും കൂട്ടുകുടുംബങ്ങളായതിനാൽ ,ബന്ധങ്ങൾക്ക് കെട്ടുറപ്പുണ്ടായിരുന്നു.
            കാലം പുരോഗമിച്ചതോടെ അവയ്ക്ക് മാറ്റം വന്നു തുടങ്ങി. എങ്ങും അണുകുടുംബങ്ങളായി.  സ്ത്രീകൾ പുരുഷനോടൊപ്പം ജോലിയ്ക്ക് പോയി തുടങ്ങിയതോടെ കുടുംബങ്ങളിൽ പ്രശ്നങ്ങൾ സങ്കീർണ്ണമാകാൻ തുടങ്ങി. ജീവിത നിലവാരം മെച്ചപ്പെടുത്താനും കുട്ടികളെ ഉന്നതവിദ്യാഭ്യാസം ചെയ്യിയ്ക്കാനുമൊക്കെ ഇരുവർക്കും വരുമാനമുണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. ഒപ്പം പരസ്പര വിശ്വാസവും സ്നേഹവും അടിസ്ഥാനഘടകങ്ങളായി ഉണ്ടാകണം. പരസ്പരം ബഹുമാനമുണ്ടാകണം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകാം... അവയ്ക്ക് പരിഹാരം ഉണ്ടാക്കാനാണ് എപ്പോഴും ശ്രമിയ്ക്കേണ്ടത്.
            യുവജനങ്ങളുടെ ഇടയിൽ വിവാഹമോചനം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്ന കാഴ്ച കണ്ടുവരുന്നു. ആശങ്കാകുലരായി നോക്കിനിൽക്കാനെ മറ്റുള്ളവർക്ക് കഴിയുന്നുള്ളൂ ...! 

വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുന്ന പെൺ കുട്ടിയ്ക്ക് നീതി, സമത്വം, സ്വാതന്ത്ര്യം ഒക്കെ ആവശ്യമാണ്. സ്ത്രീകൾക്കു നേരെയുള്ള ഗാർഹിക പീഡനങ്ങൾ ഏറിയപ്പോൾ നിയമങ്ങൾ കൂടുതലും സ്ത്രീകൾക്ക് അനുകൂലമായി വന്നു. പക്ഷേ …. ഒരിയ്ക്കലും അത് പുരുഷനു നേരെ പ്രയോഗിക്കുവാനുള്ള ആയുധമാക്കരുത് ! നിസ്സാരകാര്യങ്ങൾക്കു പോലും ഭർത്താവിനേയും കുട്ടികളെയും വലിച്ചെറിഞ്ഞ് പോകാനുള്ള പ്രേരണയാകരുത് !

പുരുഷനൊപ്പം ജോലിയ്ക്കു പോയി വരുമാനമുണ്ടാക്കുന്നതുകൊണ്ട് , ഭർത്താവിന് അർഹമായ സ്ഥാനം നൽകാതെ, വീട്ടുജോലികളിലോ കുട്ടികളെ നോക്കുന്നതിലോ അലംഭാവം കാണിയ്ക്കുന്ന പെൺകുട്ടികൾ ഇന്ന് ഏറെയുണ്ട്. കുടുംബത്തിന്റെ അഭിമാനമോർത്ത് അതൊക്കെ സഹിയ്ക്കുന്ന മാതാപിതാക്കളും.( മറിച്ചും ഇങ്ങനെയൊക്കെ ഇല്ലെന്നല്ല. ധാരാളമുണ്ട്.) എന്നാലും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് പരസ്പരം സ്നേഹം തന്നെയാണ് പ്രധാനമായും ആധാരമാക്കേണ്ടത്..
മനുസ്മൃതി അനുസരിച്ചുള്ള ഭാര്യയാകാനോ സീതയാകാനോ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല.
എന്നാലും ഒരു നല്ല ഭാര്യയായിരിയ്ക്കാനും അമ്മയായിരിയ്ക്കാനും മരുമകളായിരിയ്ക്കാനും ഒപ്പം ഒരു നല്ല ഉദ്യോഗസ്ഥയാകുവാനും തീർച്ചയായും കഴിയും …….!!.


പലസ്ത്രീകളും അവരുടെ കഴിവുകൾ മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. ഒരേ സമയം പല പല റോളുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് പുരുഷനേക്കാൾ സ്ത്രീയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. അത് ഒരു മേൻമയായിത്തന്നെ കരുതണം.
ഭൂമിയെപ്പോൾ ക്ഷമയുള്ളവളാകണം സ്ത്രീ …! ആ നിലയിൽ നിന്നുകൊണ്ടാണ് അവൾ ധീരയും ശക്തയും സ്വതന്ത്രയുമാകേണ്ടത്…..!


Leave a Reply

Your email address will not be published. Required fields are marked *