സഞ്ചാരികളുടെ പ്രീയ ഇടം തേവർചോല മഹാദേവ ഗുഹാക്ഷേത്രം
പ്രകൃതിയുമായി ഇത്രയധികം ഇണങ്ങിച്ചേർന്നൊരു തേവർചോല മഹാദേവ ഗുഹാക്ഷേത്രം ഭക്തർക്ക് വേറിട്ടൊരു അനുഭവം നൽകുന്നു. തൊട്ടടുത്തുള്ള അരുവിയും വെള്ളച്ചാട്ടവുമൊക്കെ നയനമനോഹരമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയില്‍ വളാഞ്ചേരിയില്‍ ആണ്. പണ്ടൊരു മഹർഷിവര്യൻ ഇവിടെ തപസ്സനുഷ്ടിച്ചുവെന്നും അദ്ദേഹം കല്ലിൽ തീർത്ത് പ്രതിഷ്ഠിച്ച ശിവലിംഗം ആണ് ഇവിടെയുള്ളതെന്നും പറയപ്പെടുന്നു.
മംഗല്യപൂജക്ക് പ്രശസ്തമായ ക്ഷേത്രമാണ് തേവർചോല. ധനുമാസത്തിലെ തിരുവാതിരയോടനുബന്ധിച്ചുള്ള മഹാ മംഗല്യപൂജയിൽ പങ്കുചേരാൻ ദൂരദേശത്തുനിന്നും ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഉമാമഹേശ്വരിപൂജ, സന്താന ലബ്ധിക്ക് ദമ്പതിപൂജ എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഗണപതിയും, അയ്യപ്പനും, ഭഗവതിയുമാണ് ഉപദേവതമാർ.
ഞായറാഴ്ച മാത്രമേ നട തുറക്കൂ. രാവിലെ 6 മണിമുതൽ 11.30 വരെയാണ് ദർശന സമയം. അതിനുശേഷം വഴിപാട് പൂജകളാണ്. മണ്ഡലകാലം 41 ദിവസവും മറ്റ് വിശേഷദിവസങ്ങളിലെല്ലാം നട തുറക്കാറുണ്ട്. പനക്കാട് ഇല്ലം വക ക്ഷേത്രമാണ്. ശ്രീകുമാരൻ തിരുമേനിയാണ് ഊരാളന്മാർ.
മലപ്പുറം വളാഞ്ചേരി കാടാമ്പുഴ ക്ഷേത്രത്തിൽനിന്നും 5 കിലോമീറ്റർ തടപ്പറമ്പ് റോഡ് വഴി യാത്രചെയ്താൽ തേവർചോല മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരാം. (കാടാമ്പുഴയിൽ നിന്ന് മനക്കൽപടി വഴി വളാഞ്ചേരിക്കുള്ള ബസിൽ കാവുംപുറത്ത് ഇറങ്ങിയാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.)