ഇന്ന് അടൂർ പങ്കജത്തിന്‍റെ ഓർമദിനം…..

സഹവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് അടൂർ പങ്കജം.പത്തനംത്തിട്ടയിലെ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമത്തെ മകളായാണ് അടൂര്‍ പങ്കജം എന്ന പങ്കജാക്ഷി ജനിച്ചത്.

നാടകത്തിന്റെ നടവഴികളിലൂടെ നടന്ന മൂത്തമകള്‍ ഭവാനിയുടെ പിന്നാലെ പങ്കജവും നാടകലോകത്തെത്തി. ദാരിദ്രം മൂലം പങ്കജം നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പാടാന്‍ കഴിവുള്ള പങ്കജത്തെ കുഞ്ഞിരാമന്‍പിള്ള, പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ ശിഷ്യയാക്കി. പന്തളത്ത് താമസിച്ചായിരുന്നു പഠനം.

ആസമയത്താണ് അവര്‍ക്ക് നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. കെ.പി.പണിക്കരുടെ നടനകലാവേദിയിലൂടെ അഭിനയരംഗത്ത് എത്തിയ പങ്കജം കേരള കലാനിലയത്തിന്റെ ‘മധുരമാധുര്യം’ എന്ന നാടകത്തിൽ ആദ്യമായി നായികാ വേഷമിട്ടു. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹവേദി, വിഷമേഖല തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു.നാടകാഭിനയത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

‘പ്രേമലേഖ’യാണ് ആദ്യം അഭിനയിച്ച ചിത്രം. അത് റിലീസായില്ലെങ്കിലും കുഞ്ചാക്കോയുടെ ‘വിശപ്പിന്റെ വിളി’യാണ് ആദ്യം പുറത്തു വന്നത്. അടൂര്‍ ഭവാനിയുടെ ആദ്യചിത്രമായ ‘ശരിയോ തെറ്റോ’യിലും പങ്കജമുണ്ടായിരുന്നു. ‘കരകാണാക്കടലി’ല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി ‘കടുക്കാമറിയ’മായി പങ്കജവും അഭിനയിച്ചു.

ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ചെമ്മീനി’ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. ആദ്യകിരണങ്ങള്‍, ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.ചെമ്മീന്‍,കടലമ്മ,അച്ഛന്‍,അവന്‍ വരുന്നു, കിടപ്പാടം,പൊന്‍കതിര്‍,പാടാത്ത പൈങ്കിളി, മന്ത്രവാദി,ഭക്തകുചേല,മറിയക്കുട്ടി,സി.ഐ.ഡി,സ്വാമി അയ്യപ്പന്‍,കരകാണാക്കടല്‍ തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. കുഞ്ഞിക്കൂനനാണ് ഇവർ അഭിനയിച്ച അവസാന ചിത്രം. 2010 ജൂൺ 26 ന് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *