ഭരതന്‍റെ ഓര്‍മ്മകള്‍ക്ക് രണ്ട് പതിറ്റാണ്ട്
രാഗനാഥൻ വയക്കാട്ടിൽ
കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ മലയാളി ആസ്വാദകർക്ക് സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു ഭരതന്‍. ഭരതസ്പർശം എന്ന ഒരു വാക്ക് മലയാളത്തിന് സമ്മാനിക്കാൻ കാരണം തന്നെ അദ്ദേഹത്തിൻ്റെ വേറിട്ട ആഖ്യാനശൈലി കൊണ്ടായിരുന്നു
തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ ഭരതൻ 1946 നവംബർ 14 നാണ് ജനിച്ചത് .സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത് ശ്രീ’ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്.ശ്രീ ഭരതൻ്റെ ബന്ധുകൂടിയായ പി.എൻ മേനോൻ്റെ സിനിമകളിലും കലാസംവിധായകനും സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
1975ല്‍ പത്മരാജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംവിധാനായി മാറി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ആസിനിമയ്ക്കാണ് ലഭിച്ചത്.ഭരതന്‍ എന്ന സംവിധായക പ്രതിഭയുടെ തുടർന്നുള്ള സിനിമയുടെ നാഴികക്കല്ലായി മാറി പ്രയാണം .
അതിനു ശേഷം പുറത്ത് വന്ന സിനിമയാണ് ഗുരുവായൂർ കേശവൻ ”കേശവൻ എന്ന ആനയും ഗുരുവായൂർ ക്ഷേത്രവും എല്ലാം ഉൾക്കൊള്ളിച്ച സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.അതിനു ശേഷം വന്ന സിനിമകളാണ് ആരവവും അണിയറയും.ഈ ചിത്രങ്ങൾക്ക് ശേഷമാണ് പത്മരാജൻ്റെ തിരക്കഥയിലൂടെ ഭരതൻ കൂടുതൽ ശ്രദ്ധേയനാകുന്നത് ‘
ഭരതൻ -പത്മരാജൻ ദ്വയങ്ങൾ മലയാള സിനിമയെ പഴയ ശൈലിയിൽ നിന്നും മോചിപ്പിച്ചു. ഈ കൂട്ടുകെട്ടിൽ പിറന്നതാണ് രതിനിര്‍വ്വേദം, തകര എന്നീ സിനിമകൾ. തകര ഭരതന്റെ ഏറ്റവും നല്ല ആദ്യകാല ചിത്രമാണ്. ഈയിടെ അന്തരിച്ച പ്രതാപ് പോത്തനും നെടുമുടി വേണുവും മികച്ച അഭിനയം തകരയിൽ കാഴ്ചവയ്ക്കാൻ ഹേതുവായത് ഭരതൻ്റെ സംവിധാന മികവുകൊണ്ട് കൂടിയാണ്. രതിനിര്‍വ്വേദം എന്ന സിനിമയിലൂടെ കൗമാര തൃഷ്ണകളെ ഭരതന്‍ നല്ല രീതിയിൽ അവതരിപ്പിച്ചു.. കൗമാരക്കാരനായ പപ്പു തന്നെക്കാള്‍ മുതിർന്ന രതി സ്ത്രീയെ പ്രേമിക്കുന്നതും ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളും ''' മികച്ച രീതിയില്‍ അവതരിപ്പിച്ചു.പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രനാണ് കൗമാരക്കാരൻ്റെ വേഷത്തിൽ എത്തിയത്.
കറുപ്പും വെളുപ്പും സിനിമകൾക്ക് തിരശ്ശീല വീണ എൺപതുകളുടെ ആരംഭത്തിൽ ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന തുടങ്ങിയ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചു. ചാമരം മോശമല്ലാത്ത പ്രദർശനവിജയം നേടി .സറീനാ വഹാബും നെടുമുടിയും ആയിരുന്നു നായികാനായകൻമാർ’ആർട്ട് സിനിമയുടേയും കച്ചവട സിനിമയുടേയും ഇടയിലുള്ള സംവിധാന രീതിയാണ് ഭരതൻ അനുവർത്തിച്ചു വന്നിരുന്നത്.അതിനാൽ മധ്യവർത്തി സിനിമ എന്ന ഒരു പേര് അത്തരം സിനിമകൾക്ക് ഉണ്ടായി.പാർവ്വതി ,ലോറി, പറങ്കിമല എന്നീ ചിത്രങ്ങൾ വൻ വിജയമായില്ലെങ്കിലും അതിനു ശേഷം വന്ന നിദ്ര വളരെ ശ്രദ്ധേയമായി. വിജയ് മേനോനും, ശാന്തികൃഷ്ണയും അഭിനയിച്ച ഈ ചിത്രം ഭരതൻ്റെ മകൻ സിദ്ധാർത്ഥ് ഈയിടെ റീമേക്ക് ചെയ്യുകയുണ്ടായി.
ഓർമ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, സന്ധ്യമയങ്ങും നേരം എന്നീ ചിത്രങ്ങൾ വൻ പ്രദർശന വിജയം നേടി. ഓർമ്മയ്ക്കായി എന്ന സിനിമയിലെ ഊമയുടെ വേഷം ഭരത് ഗോപി അസാമാന്യപാടവത്തോടെ അഭിനയിച്ചു.കാറ്റത്തെ കിളിക്കൂടിലും ഗോപിയുടെ അഭിനയം ഭരതൻ്റെ സംവിധാനകലയുടെ മാറ്റ് തെളിയിക്കുന്നതായിരുന്നു.കുടുംബ ജീവിതത്തിലെ തെറ്റിദ്ധാരണയും വാശിയും മൂലം ഏതു നിമിഷവും ഒരു ചെറിയ കാറ്റിൽ നിലം പതിക്കാവുന്ന കിളിക്കൂട്. ഗോപിയെ കൂടാതെ ശ്രീവിദ്യയും മോഹൻലാലും രേവതിയും തകർത്ത് അഭിനയിച്ചു. ഗൃഹലക്ഷ്മി നിർമ്മിച്ച ഒഴിവുകാലവും നല്ല സിനിമയായിരുന്നു.1984 ൽ പ്രദർശനശാലകളിൽ എത്തിയ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന സിനിമ വൻ പ്രദർശന വിജയം നേടി. നക്സലൈറ്റ് സംഘടനയിൽ എത്തിപ്പെടുന്ന ഉണ്ണി എന്ന യുവാവിന് ഉണ്ടാകുന്ന ദുരന്തവും അതോടനുബന്ധിച്ച് ഉണ്ണിയുടെ അമ്മയ്ക്ക് സംഭവവിച്ച മാനസിക വിഭ്രാന്തിയും പോലീസ് ഇൻസ്പെക്ടറായാ ചേട്ടൻ താമസിക്കുന്ന തറവാട്ടു വീട്ടിൽ സംഘത്തിലെ മറ്റൊരംഗം എത്തിപ്പെടുന്നതും ഉണ്ണിയുടെ അച്ഛനും സഹോദരിയും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഉദ്വേഗജനമായ സംഭവങ്ങളും ചേർന്ന നിലവാരമുള്ള സിനിമ.
ഭരതന്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ നിൽക്കുന്ന കലാമൂല്യമുള്ള ചിത്രമാണ് വൈശാലി..ലോമപാദരാജാവിൻ്റെ അധീനതയിലുള്ള രാജ്യത്ത് വർഷങ്ങളായി മഴ പെയ്യാതെ വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുമ്പോൾ യാഗം ചെയ്ത് മഴ പെയ്യിപ്പിക്കാൻ രാജഗുരു നിർദേശിക്കുന്നു.
ഋശ്യശൃംഗൻ എന്ന മുനി കുമാരനെ ആകർഷിച്ച് കൊണ്ടുവരാൻ വൈശാലി എന്ന ദേവദാസി കുടുംബത്തിലെ കന്യകയെ വിഭാണ്ഡക മഹർഷിയുടെ ആശ്രമത്തിലേക്ക് അയക്കുന്നതും കുമാരനെ കൊണ്ടുവന്ന് യാഗം നടത്തി മഴ പെയ്യിപ്പിക്കുന്നതുമാണ്പ്രമേയം എംടിയുടെ തിരക്കഥയിൽ പിറന്ന ചലച്ചിത്രകാവ്യം.
എം.ടി.യുടെ തിരക്കഥ പിറന്ന മറ്റൊരു ചിത്രമാണ് താഴ്‌വാരം. ചിരകാല കൂട്ടുകാർക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളും ചതിയും പ്രതികാരവും.മോഹൻലാലും സലീം ഗൗസും മത്സരിച്ച് അഭിനയിച്ചു..1991 ൽ പ്രദർശനശാലകളിൽ എത്തി വിജയം നേടിയ ചിത്രമാണ് അമരം.ശ്രീ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം. മകൾ പഠിച്ച് ഡോക്ടറാകാൻ ആഗ്രഹിക്കുന്ന പ് കടലോര മത്സ്യത്തൊഴിലാളിയായ അച്ചുവിൻ്റെ പ്രതീക്ഷകൾ തകർന്ന സ്വപ്നങ്ങൾ: മമ്മൂട്ടിയുടെ അഭിനയ മികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സിനിമ: തമിഴിലും വളരെ നല്ല ഒരു സിനിമ സംവിധാനം ചെയ്തു.ശിവാജി ഗണേശന്‍ കമലഹാസന്‍ എന്നിവര്‍ അച്ഛനും മകനുമായി അഭിനയിച്ച തേവർ മകൻ.
കമലാഹാസൻ്റെ നായികയായി രേവതിയും. വൻ വിജയം നേടിയ ചിത്രം ഒട്ടേറെ ദേശീയപുരസ്‌കാരങ്ങൾ നേടി.ഒരു അച്ഛൻ്റേയും മകളുടെയും സമാഗമം പ്രമേയമായ പാഥേയം വളരെ മികച്ച സിനിമയായിരുന്നു. മമ്മൂട്ടിയും മകളായി ചിപ്പിയും അഭിനയിച്ചു.ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടവും ഒരു സായാഹ്നത്തിൻ്റെ സ്വപ്നവും ദേവരാഗവും നല്ല സിനിമകൾ തന്നെയാണ്. കേളി ലളിതമായ പ്രമേയത്താൽ ശ്രദ്ധിക്കപ്പെട്ടു. വെങ്കലവും ചമയവും മുരളിയുടേയും മനോജ് കെ. ജയൻ്റേയും അഭിനയ മാറ്റ് ഉരയ്ക്കുന്ന സിനിമകൾ ആയിരുന്നു. വളരെ നല്ല ഗാനങ്ങളും.
ഇംഗ്ലീഷ് സിനിമയുടെ ആശയം ഉൾക്കൊണ്ട മാളൂട്ടി എന്ന സിനിമ അത്ര നന്നായില്ല എന്നത് പറയാതിരിക്കാൻ വയ്യ. അവസാന ചിത്രങ്ങളായ ചുരവും മഞ്ജീരധ്വനിയും പ്രേക്ഷകരിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
ഭരതന്‍ ചിത്രങ്ങൾക്കും തിരക്കഥകൾ രചിച്ചിട്ടുണ്ട്.തന്റെ സ്വന്തം ചിത്രങ്ങളിൽ ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കാതോട് കാതോരം എന്ന സിനിമയിലെ കാതോട് കാതോരം തേൻ ചോരുമീ മന്ത്രം എന്ന ഗാനത്തിന് ഈണം നൽകിയത് ഭരതനാണ്.മറ്റു രണ്ടു ഗാനങ്ങൾ സംവിധാനം ചെയ്തത് ഔസേപ്പച്ചനും (ദേവദൂതർ പാടി, നീ എൻ സർഗ്ഗസംഗീതമേ )ചിലമ്പ് എന്ന സിനിമയിലെ പുടമുറിക്കല്യാണം എന്ന ഗാനത്തിൻ്റെ രചന ഭരതനാണ് നിർവ്വഹിച്ചത്.സംഗീതം ഔസേപ്പച്ചനും.1998 ജൂലൈ 30ന് ശ്രീ ഭരതൻ വിടവാങ്ങി. ഈയിടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പ്രശസ്ത അഭിനേത്രി കെപിഎസി ലളിതയാണ് ഭാര്യ. അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥിനെ കൂടാതെ ഏകമകൾ ശ്രീക്കുട്ടിയും’.
രണ്ടു വ്യാഴവട്ടക്കാലം മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അതുല്യപ്രതിഭയ്ക്ക് പ്രണാമം