ആ ഓര്‍മ്മകള്‍ക്ക് അന്നും ഇന്നും നിത്യഹരിതം

കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും റൊമാന്റിക് ഹീറോ ആയും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മലയാളത്തിൻ്റെ എക്കാലത്തെയും നിത്യ ഹരിതനായകൻ പ്രേം നസീര്‍ ഓർമ്മയായിട്ട് 34 വർഷം. 38 വർഷത്തെ അഭിനയജീവിതത്തിൽ 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിൽ ഉൾപ്പെടെ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കിയ പ്രേംനസീര്‍. ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-നാണ് നസീർ ജനിച്ചത്.

കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു. 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെ സത്യനോടൊപ്പമാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത്.

വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍, മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ 1989 ജനുവരി16 ന് വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞു നിൽക്കുകയാണ്. മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), കാര്യം നിസ്സാരം (1983), ധ്വനി (1988) തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ അഭിനയം കാഴ്ച്ച വച്ചു.

വിട പറയും മുൻപേ എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാർ പ്രത്യേക ജൂറിഅവാർഡും പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി ആദരിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 130 സിനിമകളിൽ ഒരേ നായിക (ഷീല)യോടൊത്ത് അഭിനയിച്ചതിനും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ചു. കൂടാതെ, 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും വേറെയും 2 റെക്കോഡുകൾ കൂടിയുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!