കഥകളി അരങ്ങിലെ ‘നിത്യഹരിത നായിക’

കഥകളി അരങ്ങില്‍ തനിമയാര്‍ന്ന സ്ത്രീവേഷങ്ങളിലൂടെ മനം കവര്‍ന്ന കോട്ടക്കല്‍ ശിവരാമന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 14 വർഷം പിന്നിടുന്നു. കഥകളിയിലെ സ്ത്രീവേഷത്തിന് പുതിയ നിർവ്വചനങ്ങൾ നൽകിയത് അദ്ദേഹത്തിന്റെ സ്ത്രീവേഷങ്ങൾ വളരെ പേരു കേട്ടതായിരുന്നു. രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞ് അദ്ദേഹം ദമയന്തി, മാലിനി, ചിത്രലേഖ തുടങ്ങിയ പ്രണയ-വിഷാദ നായികമാരുടെ യാഥാസ്ഥിതികമായ സ്വഭാവ സവിശേഷതകൾ അരങ്ങിൽ തിരുത്തി എഴുതി.

ഭാഗവതം 11-ാം ദശകത്തെ ആസ്പദമാക്കി പിംഗള എന്ന ഒരു പുതിയ ആട്ടക്കഥയ്ക്ക് രംഗചലനങ്ങൾ ചിട്ടപ്പെടുത്തി തൃശ്ശൂർ കഥകളി ക്ലബ്ബിൽ അവതരിപ്പിച്ചു. അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ ‘നിത്യഹരിതനായിക’യായിരുന്ന ശിവരാമന്റെ മാസ്റ്റർ പീസ് നളചരിതത്തിലെ ദമയന്തിയാണ്. സീത, ലളിത, മോഹിനി, പാഞ്ചാലി, ഉർവ്വശി തുടങ്ങിയ പ്രസിദ്ധ സ്ത്രീവേഷങ്ങളിലൂടെ അദ്ദേഹം അരങ്ങിന്റെ മുഖശ്രീയായി. മുദ്രാഭിനയത്തെക്കാൾ മുഖാഭിനയത്തിനും ശാരീരിക ചലനങ്ങൾക്കും പ്രാധാന്യം നൽകിയാണ് അദ്ദേഹം പാത്രാവിഷ്കരണം നടത്തിയത്. നളചരിതം ഒന്നാം ദിവസത്തെയും നാലാം ദിവസത്തെയും ശിവരാമന്റെ ദമയന്തിയും കലാമണ്ഡലം ഗോപിയുടെ നളനും കഥകളി ആസ്വാദകർ ആവർത്തിച്ച് കാണാനിഷ്ടപ്പെട്ടിരുന്ന വേഷമാണ്.

പാലക്കാട് ജില്ലയിലെ കാറൽമണ്ണ എന്ന ഗ്രാമത്തിലാണ് കോട്ടക്കൽ ശിവരാമൻ ജനിച്ചു വളർന്നത്. അമ്മാമനും ഗുരുനാഥനുമായ വാഴേങ്കട കുഞ്ചുനായർ ആശാനാണ് ശിവരാമന്റെ പ്രതിഭ തേച്ചുമിനുക്കിയെടുത്തത്. ആശാന്റെ കീഴിൽ കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ പതിനൊന്നര വർഷത്തെ ശിക്ഷണം ഈ കാറൽമണ്ണക്കാരനെ കോട്ടയ്ക്കൽ ശിവരാമനാക്കി. 1949 ൽ കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രത്തിൽ ലവണാസുര വധത്തിലെ ലവനായിട്ടാണ് അരങ്ങേറ്റം.

അരനൂറ്റാണ്ട് മുന്‍പ് ദില്ലിയിൽ നടന്ന നളചരിതം കഥകളിയിൽ പകരക്കാരനായി ദമയന്തിയുടെ വേഷം കെട്ടിയതായിരുന്നു തുടക്കം. പിന്നീട് കഥകളി ആചാര്യൻമാരുടെയും ആസ്വാദകരുടെയും സ്നേഹപൂർണ്ണമായ നിർബന്ധങ്ങളെ തുടർന്നാണ് സ്ത്രീവേഷങ്ങളിൽ തുടര്‍ന്നത്. ദമയന്തിയെക്കൂടാതെ കർണ്ണശപഥത്തിലെ കുന്തിയും രുഗ്മാംഗദചരിതത്തിലെ മോഹിനിയുമൊക്കെയായി ശിവരാമൻ അനവധി അരങ്ങുകളിൽ പിന്നീട് തന്നിലെ നടന്‍റെ പ്രഭാവം അറിയിക്കുകയായിരുന്നു. പിന്നീടുള്ള അര നൂറ്റാണ്ടിലേറെക്കാലം സ്ത്രീവേഷങ്ങളുടെ പൂര്‍ണതയെന്നാല്‍ ശിവരാമന്‍ എന്നായി. സംസ്ഥാന സർക്കാറിന്റെ കളിയരങ്ങളിലെ സ്ത്രീരത്നം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2009 ലെ സംസ്ഥാന സർക്കാർ കഥകളി പുരസ്കാരം, കലാമണ്ഡലത്തിലെ പ്രഥമ കലാരത്നം പുരസ്കാരം, കേന്ദ്ര-കേരള സംഗീതനാടക അക്കാമദി അവാർഡുകൾ, കേരള കലാമണ്ഡലം അവാർഡ്, ഫെല്ലോഷിപ്പ്, കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്, നടൻ മോഹൻലാൽ ചെയർമാനായ തൃപ്പൂണിത്തുറ ജെ.ടി. പാർക്ക് ഫൗണ്ടേഷന്റെ കഥകളി ഫെല്ലോഷിപ്പ് തുടങ്ങിയവ അവയിൽ ചിലതാണ്. 1988-ൽ ഭാരത സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്കാരം കോട്ടക്കൽ ശിവരാമന് ലഭിച്ചു. ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്ന ശിവരാമൻ 2010 ജൂലൈ 19-ന്‌ കാറൽമണ്ണയിലെ വീട്ടിൽ വെച്ച് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *